ബ്രിട്ടീഷ് രാജ്ഞിയുടെ ഗാർഡൻ പാർട്ടിയിൽ ഷെഫായി മലയാളി
Thursday, May 16, 2019 8:58 PM IST
ലിവർപൂൾ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മേയ് 21നും 23നും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ഷെഫായി ഒരു മലയാളിയും. പത്തനംതിട്ട റാന്നി, കുറ്റിയിൽ കുടുംബാംഗം ജോബിൻ മാത്യുവാണ് ഈ അപൂർവ നേട്ടത്തിനുടമയായിരിക്കുന്നത്.

രണ്ടായിരത്തിലധികം അപേക്ഷകരിൽനിന്നാണ് പാർട്ടിയുടെ മുഖ്യ ഷെഫായി ജോബിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം മേയിൽ വിൻസർ കാസിലിൽ ഹാരി രാജകുമാരന്‍റെയും മെഗാൻ മാർക്ക്ളിന്‍റെയും വിവാഹത്തിലും ജോബിൻ പ്രധാന ഷെഫുമാരിൽ ഒരാളായിരുന്നു.

നിലവിൽ ഇംഗ്ലണ്ടിലെ സിഎച്ച് ആൻഡ് കോ എന്ന കേറ്ററിംഗ് സ്ഥാപനത്തിലെ സ്കൂൾ, കോളജ് ഇവന്‍റ് മാനേജരാണ് ജോബിൻ. മുംബൈയിൽനിന്നാണ് കേറ്ററിംഗിൽ ബിരുദം നേടുന്നത്. ഹോട്ടൽ ലീല, കോന്പസ് തുടങ്ങിയ ഗ്രൂപ്പുകളിലും തായ് ലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

ലിവർപൂളിന്‍റെ ഫുട്ബോൾ താരം ഡിവോക് ഒറിഗിയുടെ പേഴ്സണൽ ഷെഫുമാരിൽ ഒരാളുമാണ്.

ഭാര്യ: ഷെർലി. മക്കൾ റുബേൻ, ജിയാന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ