അവസാന ഉച്ചകോടിക്ക് തെരേസ മേ ബ്രസൽസിൽ
Friday, June 21, 2019 9:09 PM IST
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിൽ തന്‍റെ അവസാനവട്ട യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ തെരേസ മേ ബ്രസൽസിലെത്തി. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച്, അടുത്ത നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള കാവൽ പ്രധാനമന്ത്രിയുടെ ചുമതല മാത്രമാണ് ഇപ്പോഴവർ വഹിക്കുന്നത്. അതിനാൽ തന്നെ ബ്രെക്സിറ്റ് സംബന്ധിച്ച ആശങ്കകളില്ലാതെയാണ് തെരേസയുടെ പ്രാതിനിധ്യം.

അതേസമയം, ബ്രെക്സിറ്റ് സംബന്ധിച്ച് യൂറോപ്യൻ യൂണിയന്‍റെ ക്ഷമ നശിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ മുന്നറിയിപ്പു നൽകി. തെരേസ മേയുടെ പിൻഗാമി ആരു തന്നെയായാലും ഇക്കാര്യം മനസിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചതിലും മികച്ച ഒരു ബ്രെക്സിറ്റ് കരാർ നൽകാനില്ലെന്നും വരദ്കർ കൂട്ടിചേർത്തു.

ജർമൻ ചാൻസലർ, ഇയു റാറ്റ് പ്രസിഡന്‍റ് ഡൊണാൾഡ് ടസ്ക്, ജുങ്കർ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്‍റെ ഉന്നത തസ്തികകളുടെ കാര്യത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ജൂണ്‍ 30ലെ വിഷയും മറ്റൊരു സെഷനിൽ ചർച്ച ചെയ്യാൻ നേതാക്കൾ തീരുമാനിച്ചതായാണ് അവസാന റിപ്പോർട്ടുകൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ