ബാഗിനു വില 34 ലക്ഷം; തുർക്കി പ്രസിഡന്‍റിന്‍റെ ഭാര്യക്ക് വിമർശനം
Saturday, July 6, 2019 8:45 PM IST
അങ്കാറ: തുർക്കി പ്രസിഡന്‍റിന്‍റെ ഭാര്യ എമിന്‍റെ ബാഗ് സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയാകുന്നു. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്പോൾ എമിൻ ആർഭാട ജീവിതമാണു നയിക്കുന്നത് എന്ന ആരോപണത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ 34 ലക്ഷം രൂപ വില വരുന്ന ബാഗാണ്.

പ്രസിഡന്‍റ് റജീബ് തയ്യിബ് ഉർദോഗാനൊപ്പമുള്ള ജപ്പാൻ യാത്രക്കിടെയാണ് എമിൻ ഈ ബാഗ് ഉപയോഗിച്ചത്. തുർക്കി കറൻസി പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലയുള്ള ബാഗ് ഉപയോഗിച്ചതിനെതിരേയാണ് പ്രതിഷേധം. ചുരുങ്ങിയത് 11 തുർക്കിക്കാരുടെ ഒരു വർഷത്തെ ശന്പളത്തിന് തുല്യമാണ് ബാഗിന്‍റെ വിലയെന്നാണ് ആരോപണം.

ടോക്കിയോയിലെ കൊട്ടാരത്തിൽ ഉർദോഗാനൊപ്പമെത്തിയ എമിന്‍റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് എമിൻ തന്‍റെ യാത്രക്കിടെ ഉപയോഗിച്ച ഹാൻഡ് ബാഗിന്‍റെ വില പുറത്തുവരുന്നത്.

എമിന്‍റെ ആഡംബരത്തെക്കുറിച്ച് ഇതിന് മുൻപും വിമർശനങ്ങളുയർന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. തൊഴിലില്ലായ്മയും അതിരൂക്ഷമായി തുടരുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ