ജർമൻകാർക്ക് ഇസ് ലാമിനെക്കുറിച്ച് ആശങ്ക
Saturday, July 13, 2019 3:15 PM IST
ബർലിൻ: ജർമൻ ജനതയിൽ പകുതിയിലധികം പേർ ഇസ് ലാമിനെക്കുറിച്ച് ആശങ്കകൾ വച്ചുപുലർത്തുന്നവരാണെന്ന് പഠന റിപ്പോർട്ട്. ജനാധിപത്യവും മതസഹിഷ്ണുതയും സംബന്ധിച്ച പഠന റിപ്പോർട്ട് റിലിജിയൻ മോനിറ്ററാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏതു മതത്തിൽപ്പെട്ടവരായാലും ജർമനിയിൽ ജനാധിപത്യത്തിനു നൽകുന്ന പ്രാധാന്യം വലുതാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജർമൻ ജനതയിൽ ബഹുഭൂരിപക്ഷം, അതായത് 87 ശതമാനം പേരും ഇതര ലോക വീക്ഷണങ്ങളോടു തുറന്ന സമീപനം സ്വീകരിക്കുന്നവരാണ്. എന്നിട്ടു പോലും 52 ശതമാനം പേർ ഇസ് ലാം മതത്തെ ഭീഷണിയായാണ് കാണുന്നത്. രാജ്യത്തിന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ പ്രത്യേകമായെടുത്താൽ കിഴക്കാണ് ഈ ചിന്താഗതിയുള്ളവർ കൂടുതൽ, 57 ശതമാനം.

പല ആളുകളും ഇസ് ലാമിനെ മതം എന്നതിലുപരി ഒരു രാഷ്ട്രീയ ആശയമായാണ് കണക്കിലെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ മതസഹിഷ്ണുതയുടെ ചട്ടക്കൂടിൽ ഇസ് ലാമിനെ ഉൾപ്പെടുത്തുന്നില്ല. അതിനാലാണ് മതസഹിഷ്ണുത ആഗ്രഹിക്കുന്പോഴും ഇസ് ലാമിനോടു സഹിഷ്ണുതയില്ലാത്ത സമീപനം ജർമൻകാർ സ്വീകരിക്കുന്നതെന്നും പഠനത്തിൽ വിലയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ