ലോകത്ത് ഭക്ഷണത്തിനായി കേഴുന്നവരുടെ എണ്ണം 82 കോടി
Thursday, July 18, 2019 9:48 PM IST
ബർലിൻ: ആഗോളതലത്തിൽ കഴിഞ്ഞ വർഷം ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കേണത് 82.1 കോടി ആളുകൾ എന്ന് യുഎൻ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് വേൾഡ് ഫുഡ് പ്രോഗ്രാം തലവൻ ഡേവിഡ് ബീസ്ലി വെളിപ്പെടുത്തൽ. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് ക്രമാതീതമായി വർധിക്കുകയാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട യുഎൻ റിപ്പോർട്ട് പറയുന്നു. തുടർച്ചയായ മൂന്നാംവർഷവും പട്ടിണിക്കാര്യത്തിൽ റിക്കാർഡിലേയ്ക്ക് നീങ്ങുകയാണെന്നും റിപ്പോർട്ട് തുടരുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് 2015 മുതൽ പോഷകാഹാരക്കുറവിന്‍റെ കാര്യത്തിലും വർധനയുണ്ടായി. 2009 ൽ ഇക്കാര്യത്തിൽ ഒരു പുത്തൻ ഉണർവ് ഉണ്ടായിരുന്നത് ഇപ്പോൾ പിന്നോട്ടടിയ്ക്കുകയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നത് ആഫ്രിക്കയിലാണ്. ഇതാവട്ടെ നിലവിൽ അപകടകരമായ അവസ്ഥയിൽ തന്നെയാണെന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. ആഫ്രിക്കയിലെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയിൽ ഇത് 12 ശതമാനവും ലാറ്റിൻ അമേരിക്ക, കരീബിയ എന്നിവിടങ്ങളിൽ ഏഴുശതമാനവുമാണ്. മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരിൽ എട്ടുശതമാനം ആളുകളും ജീവിക്കുന്നത് യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ്.

നിരന്തരം ഉണ്ടാകുന്ന ആഭ്യന്തരയുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

മോശം പ്രവണതയാണ് ഇപ്പോഴുള്ളത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും ഒരിക്കലും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളും മുതിർന്നവരും മരിക്കുന്പോഴും ഡോണൾഡ് ട്രംപിനും ബ്രെക്സിറ്റിനും ചുറ്റുമാണ് ലോകമാധ്യമങ്ങൾ തന്പടിക്കുന്നതെന്നും ബീസ്ലി പരിഹസിച്ചു.

2017 ൽ 81 കോടിയാളുകളായിരുന്നു ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടിയതെങ്കിൽ ഇപ്പോൾ ഈ സംഖ്യ കടന്നിരിക്കുകയാണ്. വിശപ്പില്ലാത്ത ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 2030 ൽ എത്തുന്പോൾ യുഎൻ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നും വേൾഡ് ഫുഡ് പ്രോഗ്രാം തലവൻ ഡേവിഡ് ബീസ്ലി വെളിപ്പെടുത്തി. വിശക്കുന്ന മനുഷ്യരെ ഭീകരവാദികൾ ആകർഷിച്ച് മുതലെടുക്കുകയാണ്. അതാവട്ടെ സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി എത്താനും വഴിമരുന്നിടുകയാണെന്നും ബീസ്ലി കൂട്ടിച്ചേർത്തു.

ലോകത്ത് 15 കോടിയോളം കുട്ടികൾ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ നേരിടുക മാത്രമല്ല മരണത്തിലേയ്ക്കു നടന്നടുക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷ്യൻ ഇൻ ദ വേൾഡ് എന്ന പേരിലാണ് യുഎൻ റിപ്പോർട്ട് അവതരിപ്പിച്ചത്. യുഎൻഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ(എഫ്എഒ) ലോകാരോഗ്യ സംഘടന, വേൾഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യുഎന്നിന്‍റെ വിവിധ ഏജൻസികൾ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ