ലോകം കടന്നുപോയത് ചരിത്രത്തിലെ ചൂടേറിയ ജൂണിലൂടെ
Friday, July 19, 2019 11:02 PM IST
ബർലിൻ: ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയത് ജൂണ്‍ മാസമാണ് ഈ വർഷം കടന്നു പോയതെന്ന് യുഎസ് വിദഗ്ധർ. ലോകവ്യാപകമായി ഈ ജൂണിലെ ശരാശരി താപനില 61.6 ഫാരൻ ഹിറ്റായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയുമായി താരതമ്യം ചെയ്യുന്പോൾ 1.7 ഫാരൻഹിറ്റ് അധികമാണിത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും റഷ്യയിലും കാനഡയിലും തെക്കേ അമേരിക്കയിലുമാണ് താപനിലയുടെ വർധന ഏറ്റവും കൂടുതൽ പ്രകടമായത്. യൂറോപ്പിൽ മാത്രം ജൂണിൽ 42 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ യുഎസിലും അപകടകരമായ ഉഷ്ണവാതം കാരണം അത്യധികമായ ചൂട് അനുഭവപ്പെടും. ഇതു ദശലക്ഷക്കണക്കിനാളുകളെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ