യുകെയിൽ കുടിയേറ്റക്കാരുടെ മിനിമം വേതനം ഉയരും
Wednesday, August 14, 2019 10:32 PM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ബ്രിട്ടനിൽ കുടിയേറ്റ തൊഴിലാളികളുടെ മിനിമം വേതന നിബന്ധന ഉയർത്തേണ്ടി വരും. യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ളവരെ ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കുന്നതെങ്കിലും ബ്രെക്സിറ്റ് കഴിയുന്നതോടെ ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ബാധകമാകും.

വർഷം 36,700 പൗണ്ട് എങ്കിലുമായി വർധന നടപ്പാകുമെന്നാണ് വിലയിരുത്തൽ. ഇതു സംബന്ധിച്ച വ്യക്തമായ സൂചന ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ നൽകിക്കഴിഞ്ഞു. കുറഞ്ഞ വേതനം നൽകി വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയാനും തീരെ കുറഞ്ഞ വേതനത്തിൽ വിദേശികളെ ജോലിക്കെടുത്ത് തദ്ദേശവാസികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനുമാണ് ഇത്തരമൊരു നടപടി.

കുടിയേറ്റത്തിൽ വരാനിടയുള്ള വർധന കൂടി കണക്കിലെടുത്താണ് തീരുമാനങ്ങൾ. കഴിഞ്ഞ അന്പത് വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യയിൽ പത്തു ലക്ഷം പേരുടെ വർധനയാണുണ്ടായത്. ഇതിൽ ആറു ലക്ഷവും കുടിയേറ്റക്കാരാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ