ധർമസ്ഥലയിൽ കണ്ടെത്തിയ ഏഴ് തലയോട്ടികളും പുരുഷൻമാരുടേതാണെന്ന് പ്രാഥമിക നിഗമനം
Friday, September 19, 2025 3:15 PM IST
ഹൈദ്രാബാദ്: രണ്ട് ദിവസത്തെ പരിശോധനയിൽ ധർമസ്ഥലയിലെ ബംഗ്ലെഗുഡെ വനമേഖലയിൽ നിന്ന് കണ്ടെത്തിയ ഏഴു തലയോട്ടികളും പുരുഷൻമാരുടേതെന്ന് പ്രാഥമിക നിഗമനം. എസ്ഐടിയ്ക്ക് ഒപ്പമുള്ള ഡോക്ടറാണ് പ്രാഥമിക പരിശോധനയിൽ തലയോട്ടികൾ പുരുഷൻമാരുടേതാണെന്ന് വ്യക്തമാക്കിയത്.
പരിശോധനയിൽ തിരിച്ചറിയൽ കാർഡിനൊപ്പം കണ്ടെത്തിയ വാക്കിങ് സ്റ്റിക്ക് അയ്യപ്പയുടേത് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കണ്ടെത്തിയ ഏഴ് തലയോട്ടികളിൽ ഒന്ന് കുടകിൽ നിന്ന് കാണാതായ ആളുടേതാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇയാൾ ഏഴ് വർഷം മുൻപാണ് കുടകിൽ നിന്ന് കാണാതായത്. തലയോട്ടികളും അസ്ഥികളും എഫ്എസ്എൽ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടിയുടെ വീട്ടിൽ എസ്ഐടി നോട്ടീസ് പതിച്ചു. എസ്ഐടി പരിശോധനയിൽ കണ്ടെത്തിയ തോക്കുകളുടെ ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.