പ്രവേശന നയത്തിൽ എല്ലാ ഭാഷകൾക്കും തുല്യത: പൊതുതാത്പര്യ ഹർജിയിൽ തീര്‍പ്പു കല്‍പ്പിച്ച് ഡൽഹി ഹൈക്കോടതി
Saturday, October 5, 2019 6:27 PM IST
ന്യൂ ഡൽഹി: ഡൽഹി സർവകശാലയിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപെട്ട് നിലനിന്നിരുന്ന ഭാഷാ വിവേചനത്തെ ചോദ്യം ചെയ്ത് മലയാളി വിദ്യാർഥികൾ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തീർപ്പുകല്പിച്ചു.

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി മാർക്കുകൾ കണക്കാക്കുമ്പോൾ ഹിന്ദി, പഞ്ചാബി, ബംഗാളി എന്നിവയല്ലാതെ ഭരണഘടന അംഗീകരിച്ചിട്ടുള്ള മറ്റൊരു ഭാരതീയ ഭാഷയും ഇതുവരേയും പരിഗണിച്ചിരുന്നില്ല.

ഇത് മലയാളം, തമിഴ്, കന്നഡ, മറാത്തി മുതലായ ഭാഷകൾ പ്ലസ് ടുവിന് ഐശ്ചിക വിഷയമായി പഠിക്കുകയും അവയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കുകയും ചെയ്തിരുന്ന കുട്ടികളോടുള്ള അനീതിയായിരുന്നു. പ്ലസ്റ്റുവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച നാല് വിഷയങ്ങളുടെ ശതമാനം കണക്കാക്കിയാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വിവിധ ബിരുദകോഴ്സുകളിലേയ്ക്കുള്ള പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവയില്‍ മേല്‍പ്പറഞ്ഞതല്ലാത്ത ഏതെങ്കിലും ഭാഷാവിഷയങ്ങൾ ചേര്‍ത്താല്‍ മുഴുവന്‍ മാര്‍ക്കില്‍ നിന്നും നിശ്ചിത ശതമാനം കുറയ്ക്കുന്ന രീതിയും ചില കോളജുകളില്‍ നിലനിന്നിരുന്നു.

ഈ വിഷയം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനും കത്തുകള് അയച്ചിരുന്നു. എന്നിട്ടും യൂണിവേഴ്സിറ്റി ഈ വിവേചനത്തിന്റെ പിന്നിലെ കാരണം വ്യക്തമാക്കാനോ ഭാഷാപരമായ വിവേചനം അവസാനിപ്പിക്കാനോ തയാറായില്ല.

ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തില് ഏതാനും മലയാളി വിദ്യാർഥികൾ പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും അഡ്വ. ജോസ് എബ്രഹാം മുഖേനെ ഹൈക്കോടതിയിൽ പൊതു താല്പര്യഹർജ്ജി സമർപ്പിക്കുകയും ചെയ്തത്.

തുടർന്നു സർവകലാശാല ബിരുദ പ്രവേശന പ്രക്രിയയിൽ ഭാഷാപരമായ വിവേചനം നടക്കുന്നുണ്ട് എന്നത് ശരിവച്ചു ഹൈക്കോടതി സർവകലാശാലക്ക് നോട്ടീസ് അയയ്ക്കുകയുണ്ടായി.

ഇതിനെ തുടർന്ന് ഈ വര്ഷം സർവകലാശാല വിവേചനപരമായ നയം ഒഴിവാകുകയും ഭരണഘടന അംഗീകരിക്കുന്ന എല്ലാ ഭാഷകളെയും തുല്യമായി പരിഗണിച്ചു കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്തു. മാത്രമല്ല പുതിയ വിവരങ്ങളും മാനണ്ഡങ്ങളും ഉൾപ്പെടുത്തികൊണ്ടുള്ള പ്രോസ്‌പെക്ട്‌സും പുറത്തിറക്കി. ഈ വിവരം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജ്ജിക്കു തീർപ്പുകല്പിക്കുകയായിരുന്നു.

ഭാഷാവിവേചനം അവസാനിച്ചതോടെ ധാരാളം മലയാളി വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളജുകളില്‍, പ്രവേശനം സാധ്യമായിരിക്കുന്നത്. വിദ്യര്‍ഥി സംഘടനകളുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നാനൂറോളം മലയാളി വിദ്യാർഥികളാണ് ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ക്യാമ്പസുകളിൽ പ്രവേശനം നേടിയത്. എന്നാൽ ഈ വര്‍ഷം എഴുനൂറ്റി എൺപതോളം മലയാളി വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്