ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പിനു സൂചന നൽകി ബോറിസ് ജോണ്‍സണ്‍
Wednesday, October 23, 2019 9:47 PM IST
ലണ്ടൻ: മൂന്നു ദിവസത്തിനുള്ളിൽ ബ്രെക്സിറ്റ് പിൻമാറ്റ കരാറും അതു സംബന്ധിച്ച നിയമ നിർമാണവും പാർലമെന്‍റിൽ പാസാക്കിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയാറെടുക്കുന്നു.

ക്രിസ്മസിനു മുൻപു തന്നെ തെരഞ്ഞെടുപ്പ് നടത്തി ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെ വെല്ലുവിളിക്കാനാണ് ബോറിസിന്‍റെ പുറപ്പാട്.

ജോണ്‍സന്‍റെ ബ്രെക്സിറ്റ് പിൻമാറ്റ കരാറിന് പാർലമെന്‍റിൽ പിന്തുണ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ഒക്ടോബർ 31നുള്ളിൽ ബ്രെക്സിറ്റ് നടപ്പാക്കാൻ പാർലമെന്‍റ് അനുവദിച്ചിട്ടില്ല. ഈ സമയത്തു തന്നെ ബ്രെക്സിറ്റ് പൂർണമാകാൻ അനുവദിക്കുന്നില്ലെങ്കിൽ ബിൽ പിൻവലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് ജോണ്‍സണ്‍ ആലോചിക്കുന്നത്.

ജോണ്‍സണ്‍ നിശ്ചയിച്ച സമയ പരിധി അംഗീകരിക്കാൻ ഭരണകക്ഷിയിലെ തന്നെ പല എംപിമാരും തയാറല്ല. അവരിൽ പലരും ലേബർ പാർട്ടിക്കൊപ്പം ചേർന്ന് സർക്കാരിനെതിരേ വോട്ട് ചെയ്യാനും സാധ്യത തെളിഞ്ഞിട്ടുണ്ട്.

ബ്രെക്സിറ്റ് ദീർഘകാലത്തേക്കു നീട്ടി വയ്ക്കാനും വീണ്ടും ബ്രെക്സിറ്റ് ഹിത പരിശോധന ആവശ്യപ്പെടാനുമെല്ലാമുള്ള പ്രമേയങ്ങൾ പ്രതിപക്ഷത്തിന്‍റെ പരിഗണനയിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ