ബെർമിംഗ്ഹാമിൽ യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും 23 ന്
Friday, November 22, 2019 6:32 PM IST
ബെർമിംഗ്ഹാം: യുവജങ്ങളിൽ ലക്ഷ്യബോധവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബർ 23 നു (ശനി) ബെർമിംഗ്ഹാമിൽ നടക്കും.

ആന്ധ്രപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ബാബു അഹമ്മദ് ഐഎഎസ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഗവൺമെന്റിലെ വിദേശ വ്യാപാര വകുപ്പിൽ അസ്സിസ്റ്റന്റ്റ് ഡയറക്റ്ററും സീനിയർ ഉപദേഷ്ടാവും മലയാളികളുടെ അഭിമാനമായ ഡോ.അനൂജ് മാത്യു ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

ആരോഗ്യ സുരക്ഷാ - മാനവ വിഭവശേഷി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയും നഴ്‌സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എലിസബത്ത് മേരി എബ്രഹാം, ബ്രിട്ടനിൽ പഠിച്ചു വളർന്ന പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ഏറോസ്പേസ് എൻജിനീയറും പ്രോഗ്രാം മാനേജ്‍മെന്‍റ് മേധാവിയുമായ ജിതിൻ ഗോപാൽ എന്നിവർ ആമുഖ പ്രഭാഷണം നടത്തും.

ബ്രിട്ടനിൽ വളർന്ന് വിദ്യാഭ്യാസം നേടി ജോലിചെയ്യുന്നവരും, നിലവിൽ വ്യത്യസ്ത മേഖലകൾ പാഠ്യ വിഷയങ്ങളായി തെരഞ്ഞെടുത്തവരുമായ പ്രൗഢമായ വലിയൊരുനിര റിസോഴ്സ് പേഴ്സൺസ് യുവജന പരിശീലന കളരിക്ക് നേതൃത്വം വഹിക്കും. പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വ്യക്തമായ ഉൾക്കാഴ്ചകൾ രൂപപ്പെടുത്തുവാൻ സഹായകരമാകും വിധമാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഡെർബി യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദധാരിയും നിലവിൽ ഗണിതശാസ്ത്ര അധ്യാപികയുമായ ജൂലിയറ്റ് ആൻറ്റണി, സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അർജുൻ ഗോപാൽ, നിയമ ബിരുദധാരിയും ഈസ്റ്റ് ഇംഗ്ലണ്ട് എൻ എച്ച് എസ് ട്രസ്റ്റിൽ റിക്രൂട്ട്മെന്‍റ് അസിസ്റ്റന്‍റ് ആയി ജോലിചെയ്യുന്ന മരിയ തോമസ്,
ഹെയെൻ എന്ന സ്ഥാപനത്തിൽ ടീം ലീഡറും മെയിന്‍റനൻസ് ഇൻസ്ട്രുമെന്‍റേഷൻ ആൻഡ് റോബോട്ടിക് എൻജിനീയറുമായ മെൽബിൻ തോമസ്, അക്കൗണ്ടിംഗ് ആൻഡ് ഫൈനാൻസിൽ ബിരുദധാരിയും ലോർഡ്‌സ് കെയർ റിക്രൂട്ട്മെൻറ് എന്ന സ്ഥാപനത്തിന്‍റെ മാനേജരുമായ എൽബെർട്ട് ജോയ്, ജാഗുവാർ ലാൻഡ് റോവർ കമ്പനിയിൽ ഡിസൈൻ വാലിഡേഷൻ എൻജിനിയർ ആയി ജോലിചെയ്യുന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരി ജോയൽ ജോയ്, ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥി എലെൻ ഷാജി, ലണ്ടൺ കിംഗ്‌സ് കോളജിൽ മെഡിസിൻ വിദ്യാർഥി നയൻ തമ്പി, ബെർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഡെൻറ്റൽ വിദ്യാർഥികളായ ലക്ഷ്മി ബിജു, ആൻ മരിയ ജോയ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകും.

രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം 4 ന് അവസാനിക്കും വിധമാണ് പരിപാടികൾ ക്രമീരിച്ചിരിക്കുന്നതെന്ന് യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.

പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.