ഓഷ്വിറ്റ്സിലേക്ക് ആദ്യ സന്ദര്‍ശനത്തിന് മെര്‍ക്കല്‍
Tuesday, December 3, 2019 12:32 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഓഷ്വിറ്റ്സിലേക്കുള്ള ആദ്യ സന്ദര്‍ശനം അടുത്ത വെള്ളിയാഴ്ച നടത്തും. നാസി കോണ്‍സന്‍ട്രേഷന്‍ കാന്പിൽ നിന്ന് തടവുകാരെ മോചിപ്പിച്ചതിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം.

മെര്‍ക്കലിനു മുന്‍പ് രണ്ടു ജര്‍മന്‍ ചാന്‍സലര്‍മാര്‍ മാത്രമാണ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളത്. ഹെല്‍മുട്ട് ഷ്മിറ്റും ഹെല്‍മുട്ട് കോളും. രണ്ടാം ലോകയുദ്ധ കാലത്ത് പോളണ്ട് പിടിച്ചെടുത്ത് അവിടെയാണ് നാസി ജര്‍മനി ഈ കോണ്‍സന്‍ട്രേഷന്‍ ക്യാന്പ് സ്ഥാപിച്ചത്.

തടവു പുള്ളികളുടെ വധശിക്ഷ നടപ്പാക്കിയിരുന്ന ബ്ളാക്ക് വോളിനടുത്ത് മെര്‍ക്കല്‍ ഒരു മിനിറ്റ് മൗനമാചരിക്കും. അതിനു ശേഷം ബിര്‍കെനോയില്‍ പ്രസംഗിക്കും. ഇവിടെയാണ് കൂട്ടക്കൊലയ്ക്കുള്ള ഗ്യാസ് ചേംബറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നാസികള്‍ സ്ഥാപിച്ചിരുന്നത്.

രക്തസാക്ഷികള്‍ക്കായി മെര്‍ക്കല്‍ പുഷ്പചക്രവും അര്‍പ്പിക്കും. പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കിയും പരിപാടികളില്‍ പങ്കെടുക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ