ഹിതപരിശോധന വിജയിച്ചാല്‍ സ്വിറ്റ്സര്‍ലന്‍ഡ് ഷ്വങ്കനില്‍നിന്നു പുറത്താകും
Friday, February 14, 2020 10:25 PM IST
ബേണ്‍: യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ ക്വോട്ട നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് മേയില്‍ നടത്താനിരിക്കുന്ന ജനഹിത പരിശോധന വിജയിച്ചാല്‍ സ്വിറ്റ്സര്‍ലന്‍ഡ് ഷെങ്കന്‍ മേഖലയില്‍ നിന്നു പുറത്താകും. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവേശനം നിയന്ത്രിക്കപ്പെട്ടാല്‍, സ്വിസ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലും പ്രവേശനം നിയന്ത്രിക്കപ്പെടുമെന്ന് സ്വിസ് സര്‍ക്കാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത സ്വിറ്റ്സര്‍ലന്‍ഡ് ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുവഴിയാണ് സ്വിസ് ~ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പരസ്പരം വീസയില്ലാത്ത യാത്ര സാധ്യമാകുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ ക്വോട്ട നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന ഹിതപരിശോധനയ്ക്കു പിന്നില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ്. ഇതിനെതിരായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ബ്രെക്സിറ്റ് എന്നാണ് ഈ ഹിതപരിശോധനയ്ക്ക് ലഭിച്ചിരിക്കുന്ന വിശേഷണം. രാജ്യവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവി തന്നെ ഈ ഹിതപരിശോധനയുടെ ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ