പാഠ്യേതര വിഷയങ്ങളിലെ മികവിന്‍റെ പ്രത്യേക ക്വോട്ട റദ്ദാക്കൽ : ഭാരതത്തിന്‍റെ തനതു സാംസ്‌കാരത്തെ ഇല്ലായ്മ ചെയ്യുമെന്ന് ഡിഎംഎ
Monday, July 6, 2020 7:15 PM IST
ന്യൂ ഡൽഹി: വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മാത്രമല്ല പരമ്പരാഗതവും പൗരാണികവുമായ ഭാരതത്തിന്‍റെ തനതു സാംസ്‌കാരത്തെയുമാണ് പാഠ്യേതര വിഷയങ്ങളിലെ മികവിന്‍റെ അടിസ്ഥാനത്തിൽ നൽകി വന്ന പ്രത്യേക ക്വോട്ട റദ്ദാക്കൽ തീരുമാനത്തിലൂടെ മന്ത്രാലയം ഇല്ലായ്മ ചെയ്യുന്നതെന്ന് ഡൽഹി മലയാളി അസോസിയേഷൻ.

ഡൽഹി സർവകലാശാലയിൽ ഈ വർഷം മുതൽ പാഠ്യേതര വിഷയങ്ങളിലെ മികവിന്‍റെ (ഇസിഎ. - എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകിയിരുന്ന പ്രത്യേക ക്വോട്ട റദ്ദാക്കിയ നടപടി പുനഃപരിശോധിച്ച് ക്വോട്ട പൂർവ സ്ഥിതിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര മാനവ-വിഭവശേഷി വികസന മന്ത്രി രമേശ് പോഖ്‌രിയാളിന് നിവേദനം നൽകി.

വൈസ് പ്രസിഡന്‍റും ഡൽഹി വിശ്വ വിദ്യാലയ ചാൻസലറുമായ എം വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർക്കും നിവേദനത്തിന്‍റെ പകർപ്പ് അയച്ചിട്ടുണ്ട്.

വളർന്നു വരുന്ന യുവതലമുറ ഭാരതത്തിന്‍റെ ശ്രേഷ്ഠമായ പൈതൃകമാണ് ഉയർത്തിപ്പിടിക്കുന്നത്. യൂണിവേഴ്സിറ്റികളിലെ പതിവ് വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതര വിഷയങ്ങളായ നൃത്തവും സംഗീതവും മറ്റു കലകളും ഒരുപോലെ കൊണ്ടു നടക്കുന്ന ഒട്ടനവധി വിദ്യാർഥികളിൽ നിരാശ വളർത്താൻ മാത്രമേ ഇത്തരം നടപടി കൊണ്ടു സാധിക്കു. അവരുടെ പ്രതിഭ തെളിയിക്കാൻ കിട്ടുന്ന അവസരം കൂടിയാണ് ക്വോട്ട വെട്ടിച്ചുരുക്കുന്നതിലൂടെ വിദ്യാർഥികൾക്ക് നഷ്ടമാവുന്നത്.

പതിനാലോളം കലകളാണ് ഇസിഎ ക്വോട്ടയിൽ അംഗീകരിച്ചിട്ടുള്ളത്. അതിൽ സർഗാത്മക സൃഷ്ടി, നൃത്തം, സുകുമാരകലകൾ, സംഗീതം, വാദ്യോപകരണങ്ങളായ തബല, ഹാർമ്മോണിയം, സിതാർ, ധോളക്, ഡ്രംസ്, ഗിറ്റാർ, സരോദ് എന്നിവയും കൂടാതെ യോഗയും എൻസിസിയും പാഠ്യേതര വിഷയങ്ങളുടെ ഭാഗമാണ്.

ഡൽഹി മലയാളി അസോസിയേഷന്‍റെ കീഴിലെ 25 ശാഖകളും സ്‌കൂൾ കോളജ് തലത്തിൽ വിദ്യാർഥികളുടെ സാംസ്കാരിക മികവിനെ പ്രോത്സാഹിപ്പിച്ചു വരുന്ന സാഹചര്യത്തിൽ ക്വോട്ടാ തന്നെ വെട്ടിച്ചുരുക്കിയ നടപടി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും
പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ എന്നിവർ ഒപ്പു വച്ച നിവേദനത്തിൽ പറയുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി