ആംഗല മെര്‍ക്കല്‍ ലോകത്തെ മികച്ച രണ്ടാമത്തെ നേതാവ്
Saturday, August 8, 2020 9:22 PM IST
ബര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ രണ്ടാം സ്ഥാനം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെർക്കലിനു സ്വന്തം. മെര്‍ക്കലിന്‍റെ നേതൃത്വപരമായ കഴിവുകളും പൊതുജനങ്ങളുമായുള്ള അവരുടെ സംസാര ശൈലിയും എല്ലാവരെയും പ്രതിധ്വനിക്കുന്നു എന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവലപ്മെന്‍റ് അക്കാഡമി ലോക നേതാക്കളുടെ ഇടയിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിയ പഠനത്തിനൊടുവിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ന്യൂസിസലൻഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെറിനാണ് ലോകത്തെ മികച്ച നേതാവ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നാലാം സ്ഥാനത്തും സ്കോട്ട്ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജി അഞ്ചാം സ്ഥാനത്തും
ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍ ആറാമതും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏഴാമതും നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് എട്ടാമതും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഒന്പതാമതും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പത്താമതും പട്ടികയിൽ സ്ഥാനം പിടിച്ചു.

നിരവധി കാരണങ്ങളാലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസാധാരണമായ ഒരു പൊതുപ്രഭാഷകനായി പ്രശംസിക്കുന്നത്. മോദി തന്‍റെ പ്രേക്ഷകരുമായി വളരെ നന്നായി ഇടപഴകുന്നു. അനിതസാധാരണമായ മിഴി സമ്പര്‍ക്കവും മേയ് വഴക്കവും ഉപയോഗിച്ച് തന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിൽ എത്തിക്കാന്‍ സഹായിക്കുന്നുവെന്നും പഠനം പറയുന്നു.പ്രേക്ഷകരുടെ താത്പര്യം അനുസരിച്ചുള്ള ഇടപഴകകൾ നിലനിര്‍ത്തുന്നതിന് അദ്ദേഹം ശബ്ദത്തിന്‍റെ സ്വരം തികച്ചും വ്യത്യാസപ്പെടുത്തുന്നു.

എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അവതരണ ശൈലിയില്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് പുരോഗതി ആവശ്യമുള്ള നേതാക്കളുടെ പട്ടികയിൽ പെടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍