ഒലാഫ് ഷോള്‍സ് എസ്പിഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി
Wednesday, August 12, 2020 8:58 PM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിലവിലുള്ള ധനമന്ത്രി ഒലാഫ് ഷോള്‍സിനെ എസ്പിഡി നാമനിര്‍ദേശം ചെയ്തു. യാന്ത്രികത മുഖമുദ്രയായ പഴയ ടെക്നോക്രാറ്റ് പ്രതിച്ഛായ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തിന് മത്സരിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ഈ അറുപത്തിരണ്ടുകാരന്‍ തന്നെയായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചു കഴിഞ്ഞു. മെര്‍ക്കലിന്‍റെ ഡെപ്യൂട്ടി എന്ന നിലയിലാണ് കൂട്ടുകക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം.

ഹാംബുര്‍ഗ് മേയര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇപ്പോള്‍ കോവിഡ് പ്രതിസന്ധി നേരിടുന്നതിനു സ്വീകരിച്ച പ്രായോഗിക സമീപനങ്ങളാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഷോള്‍സിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചിരിക്കുന്നത്. ധനകാര്യ മന്ത്രി എന്ന നിലയിൽ കോവിഡ് കാലത്തു അദ്ദേഹത്തിന്‍റെ പദ്ധതികൾ സർക്കാരിന് ഏറെ ഗുണം ചെയ്തു. ജനങ്ങളിൽ സർക്കാരിന്‍റെ വിശ്വാസവും വർധിച്ചു.

അതേസമയം, ഷോള്‍സിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ എസ്പിഡി തെരഞ്ഞെടുത്ത സമയം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് എസ്പിഡി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ