മോറിയ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളെ ജര്‍മനിയും ഫ്രാന്‍സും ഏറ്റെടുക്കും
Friday, September 11, 2020 9:47 PM IST
ബര്‍ലിന്‍: ഗ്രീസില്‍ തീപിടിത്തത്തില്‍ നശിച്ച മോറിയ അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ചിരുന്നവരില്‍ നാനൂറ് കുട്ടികളെ ജര്‍മനിയും ഫ്രാന്‍സും ഏറ്റെടുക്കും. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം പങ്കു വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ കുട്ടികളെയാണ് ജര്‍മനിയും ഫ്രാന്‍സും ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രീക്ക് സര്‍ക്കാരിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ അധ്യക്ഷ പദവിയിലുള്ള ജര്‍മനി അറിയിച്ചു.

കുട്ടികളോടു കൂടിയ കുടുംബങ്ങളും ഒറ്റപ്പെട്ടു പോയ കുട്ടികളും അടക്കം നൂറു പേരെ ഏറ്റെടുക്കാമെന്ന് നെതര്‍ലന്‍ഡ്സും അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ പൂര്‍ണമായി നശിച്ചു പോയ ക്യാമ്പില്‍ പതിമൂവായിരത്തോളം അന്തേവാസികളാണ് ഉണ്ടായിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പമായിരുന്നു ഇത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ