ഇറ്റലിയിലെ ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമായി "തിയത്രോ ഇന്ത്യനോ റോമാ'
Monday, October 19, 2020 7:27 PM IST
റോം: 'കോവിഡ് 19' സംഹാരതാണ്ഡവം ആടിയ ഇറ്റലിയിൽ ഒരു കൂട്ടം മലയാളികൾ ചേർന്ന് "തിയത്രോ ഇന്ത്യനോ റോമാ ' എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. ഭീതിയിൽ കഴിയുന്ന മനുഷ്യർക്കും വീടുകളിൽ ഒറ്റപെട്ടു പുറത്തിറങ്ങാൻ കഴിയാത്ത കുട്ടികൾക്കും സ്ഥിരം കേൾക്കുന്ന ഭയാനകമായ മരണ വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ കലാസ്വാദകരായ സംഘാടകർ "ചിരി' എന്ന രസത്തെ വീടുകളിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. മാതാപിതാക്കളും കുട്ടികളും എല്ലാവരും ചേർന്ന് ആടുകയും പാടുകയും അഭിനയിക്കുകയും ചെയ്യുന്ന ഒരു മാനസീക അവസ്ഥ വീടുകളിൽ ഉണ്ടാകാൻ "കോവിഡ് 2020' എന്ന ഓൺലൈൻ മത്സരത്തിന് തുടക്കം കുറിച്ചു.

ഒരു മാസം നീണ്ടു നിന്ന മത്സരങ്ങൾ , കവിതാ പാരായണം , ഉപകരണ സംഗീതം , ഏകാംഗഭിനയം എന്നിവയായിരുന്നു മത്സരയിനങ്ങൾ. ഇറ്റലിയിലെ ഓരോ ഇന്ത്യൻ കുടുംബങ്ങളും മത്സരങ്ങൾ ഏറ്റെടുത്തു , ഇറ്റലിയിലെ തന്നെ ആദ്യ ഓൺലൈൻ മത്സരമായിരുന്ന "കോവിഡ് 2020' മത്സരങ്ങൾ. മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രോത്സാഹനവും പങ്കാളിത്തവും മത്സരങ്ങളുടെ മാറ്റുകൂട്ടി.

ഓഗസ്റ്റ് 30ന് ഇൻഡോ-ഇറ്റാലിയൻ കൾച്ചറൽ സൊസൈറ്റിക്ക് സംഘടന രൂപം നൽകി. ഇറ്റലിയിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് ഇന്ത്യൻ സംസ്കാരവും കലാ പാരമ്പര്യവും മനസിലാക്കി കൊടുക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. ഇപ്പോൾ നടന്നു വരുന്ന സമകാലീന സംഭവങ്ങളെ കൂട്ടിച്ചേർത്ത് ഒരു നാടകവും ഇതോടനുബന്ധിച്ചു അവതരിപ്പിച്ചു .

ജോബി അഗസ്റ്റിൻ ചൂരയ്ക്കൽ നേതൃത്വം നൽകുന്ന കൂട്ടായ്മക്ക് ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ സൊസൈറ്റിയുടെ, ശക്തമായ കലാ പാരമ്പര്യവും നെഞ്ചിൽ കലയെ സ്നേഹിക്കുകയും ചെയ്യുന്ന യോഗാചാര്യ ജോർജ് വിൻസെന്‍റ് ചക്കാലമറ്റത്ത്, സാബു സ്കറിയ , ബെന്നിച്ചൻ ജോസഫ് , ഒ.ജെ. ബിന്നി, സാജു ഇടശേരി, സജി തട്ടിൽ, ജോട്ടി കോട്ടയം , സൗമ്യ ഡേവിസ് , സുനിത ആന്‍റോ , നെൽസൺ , ടോമി മത്തായി , ജോസ്‌മോൻ ജോയ്, ബെന്നി തോമസ്, ജോസുട്ടൻ എന്നിവർ ഫൗണ്ടർ മെമ്പർമാരായി പ്രവർത്തിക്കുന്നു. ഇന്ത്യൻ കൃതികളെ ആസ്പതമാക്കി എല്ലാ വർഷവും ഒരു രംഗാവതരണം നടത്തുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. ഏതു പ്രതിസന്ധികളെയും അനുകൂലമാക്കി മുന്നോട്ടു പോകുക എന്ന ഒരു നല്ല ചിന്ത കൂടി ഇവർ മുന്നോട്ടു വയ്ക്കുന്നു .