ജര്‍മനിയില്‍ അഖണ്ഡ ബൈബിള്‍ വായന നവംബർ 27 മുതൽ
Friday, November 27, 2020 12:35 PM IST
കൊളോണ്‍: ഫാ.അജി മൂലേപറമ്പില്‍ സിഎംഐ (ചാപ്ളെയിന്‍,ജീസസ് യൂത്ത് ജര്‍മനി) യുടെ ആത്മീയ നേതത്വത്തില്‍ കൊളോണ്‍ ജീസസ് യൂത്തിന്‍റെ സഹകരണത്തോടെ വെർച്വല്‍ പ്ളാറ്റ്ഫോമായ സൂമിലൂടെ (zoom) മാരത്തണ്‍ ബൈബിള്‍ വായന സംഘടിപ്പിയ്ക്കുന്നു.

"ദൈവത്തോടൊപ്പം ഒരു വാരാന്ത്യം' 2020 കൊളോണ്‍ ബൈബിള്‍ റീഡിംഗ് മാരത്തണ്‍ നവംബർ 27 ന് (വെള്ളി) ഉച്ചക്ക് ഒന്നിന് ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപൈ്ളന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി, കൊളോണ്‍ & കോര്‍ഡിനേറ്റര്‍, സീറോ മലബാര്‍ ചര്‍ച്ച്, ജര്‍മനി) ഉദ്ഘാടനം ചെയ്യുന്നതോടെ അഖണ്ഡ ബൈബിള്‍ വായന ആരംഭിക്കും. തുടര്‍ന്ന് 29 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

ഇഷ്ടമുള്ള ഭാഷയില്‍ ഓണ്‍ലൈനില്‍ (zoom) തുടര്‍ച്ചയായി ബൈബിള്‍ ഉറക്കെ വായിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. ഒപ്പം ആളുകള്‍ക്ക് ദൈവവചനം ശ്രവിക്കാന്‍ സമയനിഷ്ഠയില്ലാതെ ചേരാനാവും എന്നതാണ് ഇതിന്‍റെ പ്രത്യേകത. വി.ബൈബിളിലെ പുതിയ നിയമവും പഴയ നിയമത്തിലെ ചില തിരഞ്ഞെടുത്ത പുസ്തകങ്ങളും തുടര്‍ച്ചയായി അമ്പത് മണിക്കൂര്‍ വായിക്കുകയാണു പരിപാടിയുടെ ലക്ഷ്യം.

നമ്മുടെ വിശ്വാസം നവീകരിക്കുന്നതിനും ആഴപ്പെടുന്നതിനും ദൈവവുമായി ഒരു വ്യക്തി ബന്ധത്തിലേക്ക് അടുക്കുന്നുതിനും സഹായകമാവുന്ന കൊളോണ്‍ ബൈബിള്‍ റീഡിംഗ് മാരത്തണ്‍ 2020 ലേയ്ക്ക് ഏവരേയും സംഘാടകര്‍ ക്ഷണിച്ചു.

താല്‍പ്പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് അരമണിക്കൂറോ ഒരു മണിക്കൂറോ ഉള്ള സ്ളോട്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് +491744849329 എന്ന നന്പരിൽ ബന്ധപ്പെടുക. ജര്‍മനിയിലെ കൊളോണില്‍ 2005 ല്‍ നടന്ന വേള്‍ഡ് യൂത്ത് ഡേയോടനുബന്ധിച്ചാണ് ജര്‍മനിയില്‍ ജീസസ് യൂത്ത് ആരംഭിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍