യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
Saturday, November 28, 2020 12:00 PM IST
ലണ്ടൻ: യുക്മയുടെ ചരിത്രത്തിൽ ഇദം പ്രഥമമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി. ഇതാദ്യമായി യുക്മ കലാമേളയിൽ നേരിട്ട് ദേശീയ തലത്തിൽ മത്സരിക്കാൻ കഴിയുന്നു എന്ന പ്രത്യേകതയും ഉള്ള സാഹചര്യത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗ അസോസിയേഷനുകളിൽ നിന്നും നിരവധി മത്സരാർത്ഥികളാണ് രംഗത്തുള്ളത്. യാത്ര ഒഴിവാക്കി ദേശീയ മേളയിൽ പങ്കെടുക്കാമെന്നതിനാൽ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള നൂറ് കണക്കിന് മത്സരാർത്ഥികൾ മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

രജിസ്റ്റർ ചെയ്തിരിക്കുന്ന മത്സരാർത്ഥികൾ നിബന്ധനകൾ പാലിച്ചുകൊണ്ട് തങ്ങളുടെ മത്സര ഇനങ്ങൾ വീഡിയോയിലാക്കി നവംബർ 30 തിങ്കളാഴ്ച രാത്രി 12 മണിക്ക് മുൻപായി കലാമേളക്കായി പ്രത്യേകം ഉണ്ടാക്കിയിരിക്കുന്ന ഇ മെയിലുകളിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം ഇ മെയിലുകളാണുള്ളത്. തിങ്കളാഴ്ച 12 മണിക്ക് ശേഷം ലഭിക്കുന്ന വീഡിയോകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.

പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെർച്വൽ നഗറിൽ ദേശീയമേളക്ക് തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.

വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. കൂടാതെ ഗ്രൂപ്പ് മത്സര ഇനങ്ങളും പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ഐഡികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ - മെയിൽ ഐഡികൾ താഴെ കൊടുത്തിരിക്കുന്നു.

1. KIDS - [email protected]
2.SUB JUNIORS [email protected]
3.JUNIORS [email protected]
4. SENIORS - [email protected]

രജിസ്റ്റർ ചെയ്തിരിക്കുന്ന മത്സരാർത്ഥികൾക്ക് ചെസ്റ്റ് നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. ചെസ്റ്റ് നമ്പറുകൾ രജിസ്റ്റർ ചെയ്ത സോഫ്റ്റ് വെയറിൽ നിന്നും ലഭിക്കുന്നതാണ്. പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിലേക്ക് മത്സരാർത്ഥികളെ പങ്കെടുപ്പിക്കുവാൻ അഹോരാത്രം പരിശ്രമിച്ച യുക്മ ദേശീയ, റീജിയണൽ, അംഗ അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്ക് യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ കലാമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ നേർന്നു.

കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575) ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ (07946565837) എന്നിവരെയോ അതാത് റീജിയണൽ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സജീഷ് ടോം