വാക്സിനേഷൻ ഡ്രൈവ് പ്രഖ്യാപിച്ച് ഫരീദാബാദ് രൂപത
Thursday, June 3, 2021 2:22 AM IST
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപനം രാജ്യം മുഴുവൻ, പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ധാരാളം മനുഷ്യ ജീവൻ അപഹരിച്ച പശ്ചാത്തലത്തിൽ എത്രയും വേഗം ഈ മഹാമാരിയുടെ പിടിയിൽനിന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫരീദാബാദ് രൂപത വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഇതിനോടനുബന്ധിച്ച് വാക്സി ൻ എടുക്കുന്നതിന്‍റെ പ്രാധാന്യത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കുവാൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിൽ മേയ് 24ന് ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ ഓൺലൈനായി പങ്കെടുത്ത ഈ വെബിനാറിൽ വാക്സിനേഷന്‍റെ പ്രാധാന്യത്തെപറ്റി ഡോ. ബിലു ജോസഫ് ക്ലാസ് എടുത്ത് ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി.

ആർച്ച് ബിഷപ്പ് വൈദീകരും അൽമായ പ്രതിനിധികളുടെയും ഓൺലൈൻ മീറ്റിഗ് വിളിച്ച് ചർച്ച നടത്തുകയും എത്രയും വേഗം വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും വാക്സിൻ ആവശ്യമുള്ള വരുടെ വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം ഇടവക വികാരി മാർക്ക് നിർദ്ദേശം നൽകി. വാക്സിനേഷൻ ഡ്രൈവ് ആവശ്യമുള്ളവരുടെ എണ്ണം അനുസരിച്ച് വിവിധ ഫൊറോനകളിലും അശോക് വിഹാറിലെ ജീവോദയ ഹോസ്പിറ്റലിലും സംഘടിപ്പിക്കുമെന്ന് രൂപത പി ആർ ഒ ഫാ. ജിന്‍റോ റ്റോം അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്