ബയേണ്‍ ക്നാനായ കുടുംബസംഗമം വര്‍ണാഭമായി
Friday, May 20, 2022 8:49 PM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: ജര്‍മനിയിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ബവേറിയയിലെ ക്നാനായ മലയാളി കുടുംബ സംഗമം മേയ് ഏഴിന് ഇംഗോള്‍ഫ്സ്റ്റാട്ടിൽ നടത്തി.

ഫാ.അബ്രഹാം ഐഎംഎസ്, ഫാ.ജെയിംസ് പ്ളാത്തോട്ടം, ഫാ. അനീഷ് പുതുശേരി എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജികെസിഎഫ് കണ്‍വീനര്‍ ജോയ്സ് മാവേലിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ശ്യാം സ്റ്റീഫൻ സ്വാഗതം ആശംസിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ സംഗമത്തിനു കൊഴുപ്പേകി. പൗരോഹിത്യത്തിന്‍റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച ഫാ.അബ്രഹാം ഐഎംഎസിനെ ഫാ. ജെയിംസ് പ്ലാത്തോട്ടം പൊന്നാടയണിയിച്ച് ആദരിച്ചു.

ബയേണ്‍ ക്നാനായ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിനായി ഏഴംഗ കമ്മിറ്റി രൂപീകരിച്ചു. ശ്യാം സ്റ്റീഫൻ ചീഫ് കോ ഓര്‍ഡിനേറ്ററായും, റ്റീന ജോണ്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അഭിലാഷ് ചൂരവേലില്‍, അജിത് ചെറുകുഴിയില്‍ എന്നിവരെ ജികെസിഎഫ് കോഓര്‍ഡിനേറ്റേഴ്സായും, നീനു ഡാന, സോബിന്‍ സൈമണ്‍, അലക്സ് ജെയിംസ് പല്ലോന്നിയില്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

നൂറോളം പേര്‍ പങ്കെടുത്ത പരിപാടി തനിമയിലും പരാമ്പര്യത്തിലും സഭയും സമുദായവും ഒരുമിച്ചുനിന്ന് വരും തലമുറയ്ക്ക് മാതൃക പകരാന്‍ ബയേണ്‍ കുടുംബസംഗത്തിന് സാധിച്ചതായി സംഘാടകള്‍ പറഞ്ഞു.