മ്യൂണിക്കില്‍ കാതോലിക്കാ ദിനം ‌ആഘോഷിച്ചു
Friday, March 31, 2023 7:26 AM IST
ജോസ് കുമ്പിളുവേലില്‍
മ്യൂണിക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ജര്‍മനി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കുര്‍ബാനയും കാതോലിക്കാ ദിനാഘോഷവും സമ്മേളനവും മാര്‍ച്ച് 26 ന് മ്യൂണിക്കില്‍ സമുചിതമായി കൊണ്ടാടി.

Frieden Christi, HeleneMayerRing 23, 80809 Muenchen ദേവാലയത്തില്‍ 2023 മാര്‍ച്ച് 26 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടന്ന വി.കുര്‍ബാനയ്ക്ക് റവ.ഫാ. രോഹിത് സ്കറിയ ജോര്‍ജി മുഖ്യകാര്‍മ്മികത്വം വഹിച്ചു. വി. കുര്‍ബാനയെത്തുടര്‍ന്ന് കാതോലിക്കാ പതാക ഉയര്‍ത്തി സമ്മേളനം ആരംഭിച്ചു.

ഓണ്‍ലൈനായി നടത്തിയ സമ്മേളനത്തില്‍ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ ദിന സന്ദേശം നല്‍കി. മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി.

മലങ്കര സഭ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍ നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗമായ സോജി റ്റി. മാത്യു, റവ.ഫാ.അശ്വിന്‍ വറുഗീസ് ഈപ്പന്‍, റവ.ഫാ.ജിബിന്‍ തോമസ് ഏബ്രഹാം എന്നിവര്‍ ആശംസപ്രസംഗം നടത്തി. സെക്രട്ടറി ലിബിന്‍ വറുഗീസ് കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇടവക ഗായകസംഘം കാതോലിക്കാ മംഗളഗാനം ആലപിച്ചു. യുകെ-യൂറോപ്പ് & ആഫ്രിക്ക യുവജനപ്രസ്ഥാനത്തിന്‍റെ വെസ്റ്റ് യൂറോപ്പ് കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത അനില്‍ കോശിയെ സമ്മേളനത്തില്‍ ആദരിച്ചു. ഇടവക ട്രസ്റ്റി സിനോ തോമസ്, അജി മാത്യു ജോണ്‍, സിറില്‍ സജി എന്നിവര്‍ പ്രസംഗിച്ചു.

വിവരങ്ങള്‍ക്ക്~ +4917661997521, www.iocgermany.church