ബ്രെക്സിറ്റിനുശേഷം ജർമനിയിലെ ബിസിനസ് കോൺഫിഡൻസിൽ ഇടിവ്
Friday, August 26, 2016 8:17 AM IST
ബർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാൻ യുകെ തീരുമാനിച്ച ശേഷം ജർമനിയിലെ ബിസിനസ് കോൺഫിഡൻസ് ഇൻഡക്സിൽ ഇടിവു രേഖപ്പെടുത്തുന്നു.

ഏഴായിരം സ്‌ഥാപനങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഇഫോ തയാറാക്കുന്ന സൂചിക അനുസരിച്ച് ജൂലൈയിൽ 108.3ൽ ആയിരുന്ന സൂചിക ഓഗസ്റ്റിൽ 106.2ലേക്കാണ് താഴ്ന്നിരിക്കുന്നത്.

നാലു വർഷത്തിനിടെ ഈ സൂചികയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. 2014 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുമാണ് സൂചിക ഇപ്പോൾ.

അതേസമയം, ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥ കുതിച്ചുകയറ്റത്തിന്റെ സൂചനകളാണ് നൽകിവരുന്നതെന്നും വ്യക്‌തമാകുന്നു. ആറു മാസത്തിനിടെ ഏറ്റവും വലിയ വിറ്റുവരവാണ് ബ്രിട്ടനിലെ ചില്ലറ വ്യാപാരികൾ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്.

ഫെബ്രുവരിയിലെ വിറ്റുവരവിനെ അപേക്ഷിച്ച് പതിനാലു ശതമാനം അധികമാണ് ജൂലൈയിൽ. ഇതിൽ തന്നെ തുണിത്തരങ്ങളുടെ വില്പനയിലാണ് ഏറ്റവും വലിയ വർധന, 39 ശതമാനം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ