ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 ന്
Monday, October 31, 2016 1:56 AM IST
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന മൂന്നാമതു ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനുള്ള (TIDF2016) ഒരുക്കങ്ങൾ പൂർത്തിയായി.

ഡിസംബർ 17 –നു ടൊറോന്റോ ഹാർബർഫ്രണ്ട് സെന്ററിലുള്ള ഫ്ളെക്ക് ഡാൻസ് തിയേറ്ററിൽ വൈകുന്നേരം ആറിനാണ് ഫെസ്റ്റിവൽ അരങ്ങേറുക. വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കണ്ടുമുട്ടുന്ന വിവിധങ്ങളായ നൃത്തരൂപങ്ങളെ ക്രിസ്മസ് ചേരുവയോടെ സാന്റാ അവതരിപ്പിക്കുന്നുവെന്നതാണ് ക്രിസ്മസ് സീസണിൽ നടക്കുന്ന ഈ വർഷത്തെ ഡാൻസ് ഫെസ്റ്റിവലിന്റെ പ്രത്യേകത. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന പേരുകേട്ട ടൊറോന്റോയിൽ നടക്കുന്ന ഈ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ വൻ കരയേയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും.

230 രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്കാരത്തിൽ വളർന്നവരുമാണ്. ഈ സാഹചര്യത്തിലാണു വിവിധ സംസ്കാരത്തിലുള്ള കലകളെയെല്ലാം കോർത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാൻസ് ഫെസ്റ്റിവലിനു ഡാൻസിംഗ് ഡാംസൽസ് തുനിഞ്ഞിറങ്ങിയത്. ഇതിനോടകം അറുപതു ഡാൻസ് കമ്പനികളെയും നാൽപ്പതിലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും അഞ്ഞൂറിലേറെ ഡാൻസിംഗ് പ്രൊഫഷണൽസിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞു.

ഹാർബർ ഫ്രണ്ട് സെന്ററിന്റെ ബോക്സ് ഓഫീസിൽ നിന്ന് മാത്രമേ ഇത്തവണ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കുകയുള്ളൂ. ഡാൻസ് പ്രേമികൾക്ക് തങ്ങൾക്ക് ഇഷ്‌ട്ടമുള്ള സീറ്റുകൾ ഓൺലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടൊറോന്റോയിലെ പ്രമുഖ റിയൽറ്ററായ മനോജ് കരാത്തയാണ് ഡാൻസ് ഫെസ്റ്റിവലിന്റെ തുടക്കം മുതലുള്ള പ്രധാന സ്പോൺസർ.

സ്പോൺസർമാരെയും ഉപദേശക സമിതിയംഗങ്ങളെയും കമ്യൂണിറ്റി നേതാക്കളെയും രാഷ്ര്‌ടീയ പ്രമുഖരേയും, ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ആർട്ടിസ്റ്റുകളെയും ഉൾപ്പെടുത്തി നവംബർ 24–നു ഒരു പത്രസമ്മേളനം നടത്തുന്നതാണെന്നു ഡാൻസിംഗ് ഡാംസൽസ് ഭാരവാഹികൾ അറിയിച്ചു.

ഫിലിം ഫെസ്റ്റിവൽപോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാതു ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു മാനേജിംഗ് ഡയറക്ടർ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നു വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും, സ്പോൺസർഷിപ്പ് അവസരങ്ങൾക്കും ടിക്കറ്റിനും ഡാൻസിംഗ് ഡാംസൽസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ddshows.com അല്ലെങ്കിൽ ഫെസ്റ്റിവൽ വെബ്സൈറ്റ് www.tidfcanada.com സന്ദർശിക്കുക.

ജോബ്സൺ ഈശോ, അനു ശ്രീവാസ്തവ, ജയദേവൻ നായർ, ബാലു മേനോൻ, ലതാ മേനോൻ, മേഴ്സി ഇലഞ്ഞിക്കൽ, ജോയി വർഗീസ്, ജയ് ശങ്കർപിള്ള, സുദർശൻ മീനാക്ഷി സുന്ദരം, രമേശ് ബാംഗ്ലൂർ, സബിതാ പാണിഗ്രഹി, സന്ധ്യാ ശ്രീവത്സൻ, പുഷ്പാ ജോൺസൺ, ഗീതാ ശങ്കരൻ, കെ .വരദരാജൻ തുടങ്ങിയവരാണ് ഡാൻസിംഗ് ഡാംസൽസിന്റെ ഉപദേശക സമിതിയംഗങ്ങൾ.

കനേഡിയൻ മൾട്ടിക്കൾച്ചുറൽ നെറ്റ് വർക്കാണ് (സിഎംഎൻ) മാർക്കറ്റിംഗ് ഏറ്റെടുത്തിരിക്കുന്നത്. കലയിലൂടെ സാംസ്കാരിക വളർച്ചയും വിനിമയവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് ഡാൻസിംഗ് ഡാംസൽസ്.

BOX OFFICE: http://www.harbourfrontcetnre.com/whatson/dance.cfm?id=8773&festival_id=0

റിപ്പോർട്ട്: ജയ്സൺ മാത്യു