കുടിയേറ്റക്കാർക്കു ഭീഷണിയായി പുതിയ ഇറ്റാലിയൻ സർക്കാർ
Thursday, June 7, 2018 1:06 AM IST
റോം: ഇറ്റലിയിലെ കുടിയേറ്റക്കാരും അഭയാർഥികളും കടുത്ത ആശങ്കയിൽ. തീവ്ര വലതുപക്ഷവാദവും തീവ്ര ദേശീയവാദവും പ്രാദേശികവാദവും യൂറോപ്യൻ വിരുദ്ധതയും യൂറോ വിരുദ്ധതയുമെല്ലാം സമ്മേളിക്കുന്ന രണ്ടു പാർട്ടികൾ - ലീഗും ഫൈവ് സ്റ്റാർ മൂവ്മെന്‍റും - ഒരുമിച്ചു നിന്ന് സർക്കാർ രൂപീകരിക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

അഞ്ച് ലക്ഷം വിദേശികളെ രാജ്യത്തിനു പുറത്താക്കുമെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് സർക്കാർ അധികാരത്തിലേറുന്നത്. 2013 മുതൽ ഏഴു ലക്ഷം അഭയാർഥികൾ ഇറ്റിലിയുടെ തീരത്ത് വന്നിറങ്ങിയിട്ടുണ്ട്. ലിബിയയിൽനിന്നാണ് ഏറ്റവും കൂടുതൽ. ടുണീഷ്യ, അൾജീരിയ, ഗ്രീസ് എന്നിവിടങ്ങളിൽനിന്നും ആളുകളെത്തുന്നു.

അഭയാർഥികളുടെ വരവുകൂടി തടയാനുള്ള കർക്കശ നടപടികളാണ് പുതിയ സർക്കാരിൽ നിന്നു പ്രതീക്ഷിക്കാൻ കഴിയുക. ഇതിനൊപ്പം, അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയിൽ നിന്ന് ഇറ്റലി വിട്ടു നിൽക്കാനുള്ള സാധ്യതയും തെളിയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ