കമല ഹാരിസിന് വെല്ലുവിളി; ഇന്ത്യൻ പാരമ്പര്യവുമായി സുനിൽ ഫ്രീമാൻ
Thursday, October 22, 2020 8:29 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിന് വെല്ലുവിളിയുയർത്തി അതേ പാരമ്പര്യം അവകാശപ്പെടുന്ന മറ്റൊരു സ്ഥാനാർഥിയായ സുനിൽ ഫ്രീമാൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുന്നു.

സോഷ്യലിസം ആൻഡ് ലിബറേഷൻ പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥി ഗ്ലോറിയ ല റിവയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായിട്ടാണ് സുനിൽ ഫ്രീമാൻ ബാലറ്റ് പേപ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മെരിലാന്‍റിൽ ബാല്യം ചെലവഴിച്ച സുനിൽ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍റിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി എടുത്തിട്ടുണ്ട്. ഒരു കവിയായ സുനിൽ നല്ലൊരു ഗ്രന്ഥകാരൻ കൂടിയാണ്.

അമേരിക്കയിലെ പതിനഞ്ചു സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പിഎസ്എൽ (പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ) സ്ഥാനം പിടിച്ചിരിക്കുന്നത്. ബൊളിവിയയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ അഭിമാനിക്കുന്നതായി സുനിൽ പറയുന്നു. സുനിലും കമലയും ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുമ്പോൾ ഇന്ത്യൻ വോട്ടർമാർ ആരെ പിന്തുണക്കും എന്ന ചോദ്യം ഉയരുന്നു. ഇതു കമലാ ഹാരിസിന്‍റെ വോട്ടിനെ ബാധിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.

ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഇപ്പോഴത്തെ ഹരിയാനയിലെ അഭയാർഥി ക്യാമ്പിൽ വച്ചാണ് സുനിലിന്‍റെ മാതാപിതാക്കൾ കണ്ടുമുട്ടിയത്. ബനാറിസിൽ ജനിച്ച മാതാവിന് സോഷ്യൽ വർക്കിൽ പരിശീലനം ലഭിച്ചിരുന്നു. അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റിയുടെ പ്രവർത്തകനായിട്ടായിരുന്നു പിതാവ് ചാൾസ് ഇന്ത്യയിൽ എത്തിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ