ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാന്‍ കേരള വിഭാഗം സംവാദം സംഘടിപ്പിച്ചു
Saturday, June 22, 2019 10:17 PM IST
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാന്‍ കേരള വിഭാഗം വായനാദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. റൂവിയിലെ കേരള വിഭാഗം ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയിൽ “വായനയുടെ പുതിയ കാലം” എന്ന സംവാദ പരിപാടിയില്‍ ഒമാനിലെ എഴുത്തുകാരായ സന്തോഷ്‌ ഗംഗാധരന്‍, ഉണ്ണി മാധവന്‍ എന്നിവര്‍ വായനക്കാരുമായി നടത്തിയ ചർച്ചകളിൽനിന്നും ഉയർന്നു വന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. പുസ്തകങ്ങളോടും വായനയോടുമുള്ള അഭിരുചി വര്‍ധിപ്പിക്കുവാൻ ഇത്തരം പരിപാടികൾ ഉതകുമെന്ന് ചർച്ചകളിൽ പങ്കെടുത്തവർ പറഞ്ഞു. ഹാറൂണ്‍ റഷീദ് മോഡറേറ്ററായിരുന്നു.

കേരള വിഭാഗം കൺവീനർ കെ. രതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ വേദി കോ ഓർഡിനേറ്റർ സജേഷ് കുമാർ സ്വാഗതവും കോ കൺവീനർ പ്രസാദ് നന്ദിയും പറഞ്ഞു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോ ഓർഡിനേറ്റർ സന്തോഷ് കുമാർ, മുരളി കടമ്പേരി, ബാലകൃഷണൻ, ലീന രതീഷ്, സന നഹാസ്, മനോജ് പെരിങ്ങേത്ത്, പുരുഷൻ നാരായണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.

മലയാളത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളക്ക് ഓർമ പൂക്കളായി ചങ്ങമ്പുഴയുടെ രമണനിലെ വരികൾ ആലപിച്ചു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം