വിമാന ടിക്കറ്റ് നിരക്ക് വർധനവ് ;കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണം: കേളി ദവാദ്മി ഏരിയ സമ്മേളനം
Thursday, July 4, 2019 9:16 PM IST
റിയാദ്: സീസൺ സമയത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനവ് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേളി ദവാദ്മി ഏരിയ രണ്ടാം സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

അഭിമന്യു നഗറിൽ നടന്ന സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സജീവൻ ചൊവ്വ ഉദ്ഘാടനം ചെയ്തു. രാജേഷ്, ഹംസ, മോഹനൻ (പ്രസീഡിയം) റഷീദ്, പ്രകാശൻ (സ്റ്റിയറിംഗ്) സന്തോഷ്, ജയകുമാർ (മിനിറ്റ്സ്) ഷാബു, ബൈജു (ക്രഡൻഷ്യൽ) ഉമ്മർ, അബ്ദുൽ സലാം ( പ്രമേയം) എന്നിവർ സബ് കമ്മിറ്റികളുടെ ചുമതല വഹിച്ചു.

സലിം തച്ചവലത്ത് രക്തസാക്ഷി പ്രമേയവും ഉമ്മർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹംസ സമ്മേനത്തിന് സ്വാഗതം പറഞ്ഞു. ഏരിയ ആക്ടിംഗ് സെക്രട്ടറി പ്രകാശൻ പയ്യന്നുർ പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ സന്തോഷ് വരവ് ചെലവ് കണക്കും കേളി കേന്ദ്ര ജോയിന്‍റ് ട്രഷറർ വർഗീസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചകൾക്ക് പ്രകാശൻ, സജീവൻ, ഷൗക്കത്ത് എന്നിവർ മറുപടി പറഞ്ഞു. ബൈജു.വി., ബൈജു എ. എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി ആക്ടിംഗ് കൺവീനർ കെ.പി.എം. സാദിഖ്, കേളി വൈസ് പ്രസിഡന്‍റ് സുധാകരൻ കല്യാശേരി, കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കൺവീനർ ടി. ആര്‍. സുബ്രമണ്യൻ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, റഫീഖ് പാലത്ത് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷാജി പ്ലാവിലയില്‍ (പ്രസിഡന്‍റ്), പ്രകാശൻ പയ്യന്നുർ (സെക്രട്ടറി), കെ. സന്തോഷ് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.നിയുക്ത ഏരിയ സെക്രട്ടറി പ്രകാശൻ പയ്യന്നുർ നന്ദി പറഞ്ഞു.