കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
Friday, March 15, 2019 12:28 PM IST
ടൊറന്റോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ കാനഡയിലെ ശുഭാരംഭം പരിപാടി ടൊറന്റോയില്‍ നടന്നു. ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കെഎച്ച്എന്‍എ ദേശീയ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. അധ്യക്ഷ ഡോ. രേഖാ മേനോന്‍ , ജനറല്‍ സെക്രട്ടറി കൃഷ്ണരാജ്, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ എന്നിവരെ ക്ഷേത്രം പ്രഡിഡന്റ് ഡോ കുട്ടി, മേല്‍ശാന്തി ദിവാകരന്‍ തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രഭരണസമിതി ഭാരവാഹികളായ ആര്‍ കെ പടിയത്ത്, വി പി ദിവാകരന്‍, ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് ഉമാശങ്കര്‍, എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ കണ്‍വന്‍ഷനിലെ പരിപാടികളെകുറിച്ച് ഡോ. രേഖാ മേനോന്‍ വിശദീകരിച്ചു. വിവിധ നഗരങ്ങളി്ല്‍ നടന്ന ശുഭാരംഭചടങ്ങുകളുടെ വിജയം ആവേശം നല്‍കുന്നതാണെന്ന് ഡോ. രേഖ പറഞ്ഞു.

ഹിന്ദു ഹെറിറ്റേജ് സെന്ററില്‍ നടന്ന ശുഭാരംഭ ചടങ്ങില്‍ അധ്യക്ഷ ഡോ. രേഖാ മേനോന്‍, ഉപാധ്യക്ഷന്‍ ജയചന്ദ്രന്‍, മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ കണ്‍വന്‍ഷനിലെ റീജിനല്‍ വൈസ് പ്രസിഡന്റായിരുന്ന വിനോദ് വരപ്രവന്‍ പുതിയ റീജിനല്‍ വൈസ് പ്രസിഡന്റ് രാജ് തലപ്പത്തിനെ പരിചയപ്പെടുത്തി. ഡിട്രോയിറ്റ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഉണ്ണികൃഷ്ന്‍ കൈനില, പ്രവീണ രാജേന്ദ്രന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ദേശീയ കണ്‍വന്‍ഷന്റെ രൂപരേഖ സദസ്സിനു മുന്നില്‍ അവതരിപ്പിച്ച ജനറല്‍ സ്‌ക്രട്ടറി കൃഷ്ണരാജ് കൂടുതല്‍ ആളുകള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്‍പത് കുടുബങ്ങള്‍ ചടങ്ങില്‍ വെച്ചുതന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.


അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനാണ് ആഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ന്യുജഴ്‌സി ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലില്‍ നടക്കുക. അതിന്റെ മുന്നോടിയായിട്ടാണ് വിവിധ നഗരങ്ങളില്‍ ശുഭാരംഭം പരിപാടികള്‍ നടക്കുന്നത്.