ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വര്‍ണാഭമായ വനിതാ ദിനാഘോഷം
Tuesday, March 19, 2019 12:32 PM IST
ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എഫ്‌ഐഎയുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടി. എഫ്.ഐ.എ പ്രസിഡന്റ് അലോക് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ആശംസകള്‍ നേര്‍ന്നു. ഭാരതീയ സ്ത്രീകള്‍ സമൂഹത്തിനു നല്‍കുന്ന സമഗ്ര സംഭാവനകളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള ഏഴ് വനിതകളെ ഫലകവും പൊന്നാടയും നല്‍കി ആദരിക്കുകയുണ്ടായി. നീതു ചന്ദ്ര (ബോളിവുഡ് നടി), നന്ദന ചക്രവര്‍ത്തി (ഫസ്റ്റ് ലേഡി, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ), സാര്‍ലി ന്യൂമാന്‍ (ടിവി പ്രൊഡ്യൂസര്‍), റീന ഷാ (പ്രമുഖ പ്രാസംഗിക), സുഖുമിന്ദര്‍ കോര്‍ (ടൂറിസം), ശീതള്‍ ത്രിവേദി (മികച്ച ബിസിനസ് നേട്ടം), അരുണ്‍ ആനന്ദ് (സാമൂഹ്യ പ്രവര്‍ത്തനം) എന്നിവര്‍ക്കാണ് അംഗീകാരം നല്‍കിയത്.

എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍, വനിത പൈലറ്റ്, ഫ്‌ളൈറ്റ് അറ്റന്‍ഡന്‍സ് എന്നിവരേയും ബൊക്കെ നല്‍കി ആദരിച്ചു. നയനാനന്ദകരമായ നൃത്തങ്ങള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വൈകിട്ട് 9 മണിക്ക് സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം