ചോരക്കുഞ്ഞിനെ കൊന്നു ചെടിച്ചട്ടിയിൽ കുഴിച്ചു മൂടി; അമ്മ അറസ്റ്റിൽ
Thursday, April 18, 2019 10:45 PM IST
കരോൾട്ടൺ (ടെക്സസ്): പ്രസവിച്ച ഉടനെ കുഞ്ഞിന്‍റെ മുഖത്ത് തുണിയിട്ടു മൂടി മരണം ഉറപ്പാക്കി ചെടിച്ചട്ടിയിൽ കുഴിച്ചു മൂടി സമീപത്തുള്ള സെമിത്തേരിയിൽ ഉപേക്ഷിച്ച കൗമാരക്കാരിയായ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് മൂന്നിന് നടന്ന സംഭവത്തിൽ ഏപ്രിൽ 16 ന് ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്. ജാസ്മിൻ ലോപസ് (18) ആണ് അറസ്റ്റിലായത്. ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് വൈകിയതാണ് അറസ്റ്റ് ഇത്രയും നീണ്ടു പോകാൻ കാരണം. 34 ആഴ്ച പ്രായമായ കുഞ്ഞിനെ പ്രസവിച്ചുവെന്നും ഉടനെ കുട്ടി മരിച്ചിരുന്നുവെന്നുമാണ് ജാസ്മിൻ ലോപസ് പോലീസിന് ആദ്യം മൊഴി നൽകിയത്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച ഉടനെ കാമറയിൽ കണ്ടെത്തിയ ദൃശ്യത്തില്‍ നിന്നാണ് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി പോലീസ് മനസിലാക്കിയത്.

അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നവർ പോലും അറിയാതെ ശുചിമുറിയിലാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞു കരയാൻ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമർത്തി ചലനം നിലച്ചു എന്നു ഉറപ്പാക്കി. തുടർന്ന് കുട്ടിയെ ബാക്ക് പാക്കിലാക്കി അപ്പാർട്ട്മെന്‍റിൽ നിന്നും കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നു വീണ്ടും ഉറപ്പായതോടെ ഇരുവരും അടുത്തുള്ള ഹോം ഡിപ്പോയിൽ നിന്നും വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളിൽ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി. തുടർന്ന് അടുത്ത ദിവസം പെറി സെമിത്തേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റു ചെയ്ത മാതാവിനെ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 500,000 ഡോളറിന്‍റെ ജാമ്യം നൽകാൻ ഉത്തരവായിട്ടുണ്ട്.

റിപ്പോർട്ട്:പി.പി. ചെറിയാൻ