കമല ഹാരിസിന് ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്ട് ഫണ്ടിന്റെ എന്‍ഡോഴ്‌സ്‌മെന്റ്
Friday, April 19, 2019 3:06 PM IST
വാഷിങ്ടന്‍ ഡിസി: ഡെമോക്രറ്റിക് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി മത്സരരംഗത്തുള്ള കമല ഹാരിസിന് ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്ടിന്റെ എന്‍ഡോഴ്‌സ്‌മെന്റ് 2020ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രറ്റിക് പാര്‍ട്ടിയിലെ ശക്തയായ നേതാവാണു ഹാരിസ്. ഇംപാക്ട് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ വോട്ടിനിട്ടാണു കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ – ആഫ്രിക്കന്‍ അമേരിക്കന്‍ കമലാ ഹാരിസിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് ഏപ്രില്‍ 16നു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കമല ഹാരിസ് പ്രകടിപ്പിക്കുന്ന സമര്‍പ്പണ മനോഭാവവും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാണ് ഇവരെ എന്‍ഡോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ സഹ സ്ഥാപകന്‍ രാജ ഗോയല്‍ പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍ ,ഏഷ്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന് ആദ്യമായി സെനറ്റര്‍ കമല ഹാരിസിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ കഴിവുളള വ്യക്തിയാണു കമല ഹാരിസെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ല്‍ 29 സംസ്ഥാനങ്ങളിലായി മത്സരിച്ച ഇന്ത്യന്‍ അമേരിക്കന്‍സിലെ 27 പേരെ സംഘടന എന്‍ഡോഴ്‌സ് ചെയ്തിരുന്നെന്നും ഇതില്‍ 44% പേര്‍ വിജയിച്ചെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍