എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്‍റ്: സെന്‍റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാർ
Saturday, May 25, 2019 4:17 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് വാർഷിക വോളിബോൾ ടൂർണമെന്‍റിന് ആവേശോജ്ജ്വല സമാപനം. ഫൈനലിൽ സെന്‍റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടപ്പോൾ സെന്‍റ് ജോസഫ് ഗ്രീൻ ടീം റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. ഇരു ടീമുകൾക്കും എവർറോളിംഗ്ട്രോഫികളും വ്യക്തിഗത ട്രോഫികളും ലഭിച്ചു.

ജോസിസ് ജോസഫ് (ബസ്റ്റ് പ്ലെയർ) അലോഷി മാത്യു (ബസ്റ്റ് ഒഫൻസീവ് പ്ലെയർ) ഡെന്നിസ് തോംസൺ (ബസ്റ്റ് ഡിഫെൻസിവ് പ്ലെയർ) ബെന്നി തോട്ടുങ്കൽ (ബസ്റ്റ് സെറ്റർ) എന്നിവർ പ്രത്യേക ട്രോഫികൾ കരസ്ഥമാക്കി. സനൂഷ് ജോസി സ്പെഷ്യൽ റൈസിംഗ് സ്റ്റാർ ട്രോഫിക്ക് അർഹനായി.

മേയ് 18ന് ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടനുബന്ധിച്ചുള്ള ട്രിനിറ്റി സെന്‍ററിൽ നടന്ന ടൂർണമെന്‍റ് പ്രസിഡന്‍റ് ഫാ.ഐസക് ബി.പ്രകാശ് ഉദ്ഘാടനം ചെയ്തു. രാത്രി എട്ടിന് സമാപിച്ച ടൂർണമെന്‍റിൽ സ്പോർട്സ് കൺവീനർ ഫാ. എബ്രഹാം സഖറിയയും (ജെക്കു അച്ചൻ) ഫാ.ഐസക് ബി പ്രകാശും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

സെന്‍റ് മേരീസ് ക്നാനായ, ട്രിനിറ്റി മാർത്തോമ, സെന്‍റ് മേരീസ് സീറോ മലബാർ, സെന്‍റ് ജോസഫ് സീറോ മലബാർ തുടങ്ങിയ ടീമുകളും ടൂർണമെന്‍റിൽ മാറ്റുരച്ചു. ആർവിഎസ് ഇൻഷ്വറൻസ് ഏജൻസി ഉടമ രാജേഷ് വർഗീസ് ടൂർണമെന്‍റിന്‍റെ ഗ്രാൻഡ് സ്‌പോൺസറായിരുന്നു.

കോർഡിനേറ്റർമായ റജി കോട്ടയം, സന്തോഷ് തുണ്ടിയിൽ, വിനോദ് ചെറിയാൻ, എന്നിവരോടൊപ്പം അലക്സ് പാപ്പച്ചൻ, ജോൺസൻ മാത്യു തുടങ്ങിയവർ വിവിധ നിലകളിൽ ടൂർണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി