അഭയാർഥി പ്രവാഹം തടയാനുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Wednesday, July 17, 2019 9:44 PM IST
വാഷിംഗ്ടൺ: അനിയന്ത്രിതമായി അമേരിക്കയിലെത്തുന്ന അഭയാർഥികളെ നിയന്ത്രിക്കുന്നതിനുള്ള നിയമം ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റിസും ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റും സംയുക്തമായി പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയിലേക്ക് അഭയാർഥികളായി വരുന്നവർ ഇതര രാജ്യങ്ങളിലൂടെയാണ് അതിർത്തിയിൽ എത്തുന്നതെങ്കിൽ ആദ്യം ആ രാജ്യത്ത് അഭയാർഥികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കണമെന്നും ഇങ്ങനെ അപേക്ഷ നൽകാത്തവർക്ക് യുഎസിൽ അഭയം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹതയുണ്ടാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018 ൽ അമേരിക്കയിൽ അഭയം ലഭിക്കുന്നതിനായി 9000 ത്തിലധികം ഇന്ത്യക്കാരാണ് മെക്സിക്കൊ - യുഎസ് അതിർത്തിയിലേക്ക് കാൽ നടയായി എത്തിച്ചേർന്നത്. 2017 ൽ ഇവരുടെ എണ്ണം 7000 മായിരുന്നു.

അതേസമയം പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുൻ അറ്റോർണി ജനറലായിരുന്ന ജെഫ് സെഷൻസ് അഭയാർഥികൾക്ക് പുതിയ നിർവചനം നൽകിയിരുന്നു. പുതിയ നിയമം അതിക്രൂരമാണെന്ന് ഇന്ത്യൻ അമേരിക്കൻ സെനറ്റർ കമല ഹാരിസ് ട്വിറ്റ് ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ