സെവൻ ഇലവൻ എന്ന മാന്ത്രിക സംഖ്യയിൽ ജനിച്ച കുഞ്ഞ് താരമാകുന്നു
Friday, July 19, 2019 10:19 PM IST
സെന്‍റ് ലൂവിസ്: അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവൻ ഇലവൻ. ഈ മാന്ത്രിക സംഖ്യയോട് നൂറു ശതമാനവും നീതി പുലർത്തി ജനിച്ച ശിശുവിന്‍റെ കഥ വൈറലായി. മിസൗറി സംസ്ഥാനത്തെ സെന്‍റ് ലൂവിസിൽ ജൂലൈ 11 ന് (7/11), വൈകിട്ട് 7.11ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ചു വീണപ്പോൾ കുട്ടിയുടെ ഭാരം ഏഴ് പൗണ്ടും പതിനൊന്ന് ഔൺസും ആയിരുന്നു.

ലേഗ്ഫോർഡും റെയ്ച്ചലുമാണ് അദ്ഭുത ശിശുവിന്‍റെ മാതാപിതാക്കൾ. ഗർഭകാലഘട്ടത്തിൽ റെയ്ച്ചലിന് 7/11 നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നതായി ഭർത്താവ് ലേഗ്ഫോൾസ് പറഞ്ഞു. റെയ്ച്ചൽ ക്ലോക്കിൽ നോക്കുമ്പോൾ ദൃഷ്ടിയിൽ പെട്ടിരുന്നത് 7.11 എന്ന സമയമായിരുന്നു എന്നതും ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കുന്നു. ഈ നമ്പറിന്‍റെ പ്രത്യേക സാമ്യം സെവൻ ഇലവൻ വ്യവസായ ശൃംഖലയെ അറിയിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, ഇത്തരത്തിലുള്ള ജനനം വളരെ അപൂർവമാണെന്നും ആശുപത്രി അധികൃതർ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ