പരസ്പരം അറിയാം, സൗഹൃദം പങ്കുവയ്ക്കാം; സീറോ മാച്ച് പോര്‍ട്ടലുമായി ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍
Sunday, July 21, 2019 2:54 PM IST
ഹൂസ്റ്റണ്‍ : സീറോ മലബാര്‍ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാനും സൗഹൃദം പങ്കുവയ്ക്കാനും വേദിയൊരുക്കി ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍. സീറോ മാച്ച് എന്ന പേരില്‍ കണ്‍വന്‍ഷന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും അവസരം ഒരുക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പരിചയപ്പെട്ടുത്തുവാനുള്ള സൗകര്യവും പോര്‍ട്ടലിനുണ്ട് . അതിനാല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്തുവാന്‍ 'സീറോ മാച്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ പോര്‍ട്ടല്‍ ഉപകരിക്കും. യുവതീയുവാക്കള്‍ക്കും രജിസ്റ്റര്‍ ചെയ്ത് പോര്‍ട്ടലിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കാണ് തുടക്കത്തില്‍ ഈ സേവനങ്ങള്‍. അതിനാല്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലഭിക്കാന്‍ https://smnchouston.org/ എന്ന കണ്‍വന്‍ഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് അതേ ഇമെയില്‍ വിലാസം ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിക്കാനാകും. തുടര്‍ന്ന് ആവശ്യമായ വിശദാംശങ്ങളും നല്‍കാം.

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഫോറോനയുടെ നേതൃത്വത്തിലാണ് ഈ പുതിയ സംരഭം. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. നാലു ദിവസം നീണ്ടുനില്ക്കുന്ന കണ്‍വന്‍ഷന്റെ ഭാഗമായി നിരവധി ആത്മീയ കൂട്ടായ്മകളും, യോഗങ്ങളും , സാമൂഹ്യപരിപാടികളും ക്രമീകരിച്ചിട്ടുണ്ട് . കുടുംബങ്ങള്‍ക്കു ഒത്തുചേരാനുള്ള ധാരാളം അവസരങ്ങളും ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ഒരുക്കുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍