അമേരിക്കൻ എയർലൈൻസ് കാറ്ററിംഗ് ജീവനക്കാർ സമരത്തിൽ; 58 പേരെ അറസ്റ്റ് ചെയ്തു
Wednesday, August 14, 2019 10:02 PM IST
ഡാളസ്: അമേരിക്കൻ എയർലൈൻസ് ആസ്ഥാനത്ത് പ്രവേശന കവാടം തടയുന്നതിനു ശ്രമിച്ച സമരക്കാരിൽ 58 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.അമേരിക്കൻ എയർലൈൻസ് കാറ്ററിംഗ് വിഭാഗത്തിലെ ജോലിക്കാരാണ് ഓഗസ്റ്റ് 13 ന് ഡാളസ് ഫോർട്ട്‌വർത്തിലെ ആസ്ഥാന കേന്ദ്രത്തിനു മുമ്പിൽ ധർണയും പിക്കറ്റിങ്ങും നടത്തിയത്.

അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ഡാളസിലെ സമരത്തിൽ പങ്കെടുത്തത്. മണിക്കൂറിനു പത്ത് ഡോളറിനു താഴെ ശമ്പളം വാങ്ങുന്ന ഇവർ, ശമ്പള വർധന ആവശ്യപ്പെട്ടാണ് സമര രംഗത്തേയ്ക്ക് ഇറങ്ങിയത്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വത്തിനു മത്സരിക്കുന്ന ബെർണി സാൻന്‍റേഴ്സ്, കമല ഹാരിസ് എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.


സമരത്തിൽ പങ്കെടുക്കുന്നവർ ഉച്ചയോടെ ടെർമിനൽ ഡി യിൽ എത്തിയാണ് പിക്കറ്റിംഗ് ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യം മനസിലാക്കുന്നു എന്നും ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാവുന്നതാണെന്നും എയർ ലൈൻസ് അധികൃതർ പറഞ്ഞു. സമരം ചെയ്തു വഴി തടഞ്ഞുവെന്ന കുറ്റത്തിന് സമരക്കാർക്ക് 274 ഡോളർ വീതം പിഴ വിധിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ