ന്യൂജേഴ്സി ഗവർണർ സ്ഥാനത്തേക്ക് വിൻ ഗോപാലിനു പിന്തുണയുമായി ഡമോക്രാറ്റിക് നേതാക്കൾ
Saturday, August 24, 2019 7:17 PM IST
ന്യൂജഴ്സി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ന്യൂജേഴ്സി ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് അർഹതയും സമർഥനുമായ സ്ഥാനാർഥിയാണ് ഇന്ത്യ– അമേരിക്കൻ വംശജനും സ്റ്റേറ്റ് സെനറ്ററുമായ വിൻ ഗോപാൽ (34) എന്ന് ന്യൂജേഴ്സി ഡെമോക്രാറ്റിക് കൗണ്ടി അധ്യക്ഷനും സൊമർസെറ്റ് കൗണ്ടി അധ്യക്ഷനും സംസ്ഥാന ഡെമോക്രാറ്റിക് പാർട്ടി വൈസ്ചെയർമാനും എക്സസ് കൗണ്ടി, യൂണിയൻ കൗണ്ടി ചെയർമാൻമാരും ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് നേതാക്കൾ അഭിപ്രായപ്പെട്ടു.

അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രത്യേകിച്ചു ന്യൂജേഴ്സിയിൽ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്ന താരമായിട്ടാണ് ഇവർ വിൻ ഗോപാലിനെ വിശേഷിപ്പിച്ചത്.

2017– ൽ ന്യൂജേഴ്സി സെനറ്റിൽ ആദ്യമായി അംഗത്വം നേടിയതു നിലവിലുള്ള സെനറ്റർ ജനിഫർ ബെക്കിനെ പരാജയപ്പെടുത്തിയാണ്. സെനറ്റ് മിലിട്ടറി ആൻഡ് വെറ്ററൻസ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ , സെനറ്റ് ഹൈയർ എഡ്യൂക്കേഷൻ കമ്മിറ്റി വൈസ് ചെയർമാൻ തുടങ്ങിയ പദവികളിൽ വിൻ ന്‍റെ പ്രവർത്തനങ്ങളെ നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു.

1970– ൽ അമേരിക്കയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യയിൽ നിന്നുള്ള മാതാപിതാക്കൾക്കു ജനിച്ച മകനാണ് വിൻ ഗോപാൽ. പെൻസിൽവാനിയ, റച്ചേഴ്സ് യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദവും ബിരുദാനന്തര പഠനവും പൂർത്തീകരിച്ച കമ്യൂണിറ്റി മാഗസിന്‍റെ സ്ഥാപകൻ കൂടിയാണ് വിൻ. വിവിധ സർക്കാർ, സർക്കാർ ഏതര സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു കഴിവു തെളിയിച്ച വ്യക്തിയാണ് വിൻ ഗോപാൽ.