വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്ത‍ഡോക്സ് സിറിയന്‍ ദേവാലയത്തിൽ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചു
Friday, September 13, 2019 7:04 PM IST
ന്യൂയോർക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്ത‍ഡോക്സ് സിറിയന്‍ ദേവാലയത്തിൽ എട്ടുനോമ്പു പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. എട്ടു ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയും വചന പ്രബോധനവും ഉണ്ടായിരുന്നു.

അനുഗൃഹീത സുവിശേഷകനായ റവ. ഡോ. വര്‍ഗീസ് വര്‍ഗീസ് ആയിരുന്നു പ്രബോധനം നടത്തിയത്. പെരുന്നാള്‍ ദിനമായ ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പ്രധാന കാര്‍മികനും വികാരി ഫാ. പൗലോസ് റ്റി. പീറ്റര്‍, റവ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. തോമസ് പോള്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന, മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥന, റാസ, എന്നിവ നടന്നു. ആശീര്‍വാദത്തെ തുടര്‍ന്നു നേര്‍ച്ചവിളമ്പും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്ത കേക്ക് മുറിച്ച് ഇടവകയോടൊപ്പം ജന്മദിനം ആഘോഷിച്ചു.സഹോദര ഇടവകകളില്‍ നിന്നും വളരെയധികം ഭക്തജനങ്ങള്‍ എട്ടുനോമ്പാചരണത്തിലും പെരുന്നാളിലും സംബന്ധിച്ച് അനുഗൃഹീതരായി.

വികാരി ഫാ. പൗലോസ് പീറ്റര്‍‍, സെക്രട്ടറി മെറിന്‍ എബി, ട്രഷറര്‍ തമ്പി തലപ്പിള്ളില്‍, കമ്മിറ്റിയംഗങ്ങള്‍, പെരുന്നാള്‍ സ്പോണ്സേഴ്സ് എന്നിവര്‍ എട്ടുനോമ്പാചരണത്തിനും പെരുന്നാളിന്‍റെ ചടങ്ങുകൾക്കും നേതൃത്വം നല്‍കി.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ