ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ ധന്യാ രാജേന്ദ്രന്‍ പങ്കെടുക്കുന്നു
Saturday, September 14, 2019 12:21 PM IST
ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആറാം ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ പങ്കെടുക്കും. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലാണ് ദി ന്യൂസ് മിനിറ്റ്. ചുരുങ്ങിയ കാലയളവില്‍ അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഏറ്റവും വിശ്വസനീയമായ വാര്‍ത്താകേന്ദ്രമായി ഈ ഡിജിറ്റല്‍ പോര്‍ട്ടല്‍ മാറി. നിരവധി അവാര്‍ഡുകളും ന്യൂസ് മിനിറ്റ് ടീം നേടി.

ഇംഗ്ലീഷ് ന്യൂസ് ചാനലായ ടൈംസ് നൗവിന്റെ ദക്ഷിണേന്ത്യാ മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന ധന്യ, കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ഒരു ദശകത്തിലേറെ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമായും ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലാണു ധന്യ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തില്‍ (എസിജെ) നിന്നാണു ധന്യ ബിരുദം നേടിയത്. മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതിയെയും കുറിച്ചുള്ള ധന്യയുടെ നിരവധി റിപ്പോര്‍ട്ടുകള്‍ ദേശീയതലത്തില്‍തന്നെ അന്വേഷണത്തിനു കാരണമായി. ഇതില്‍ രണ്ടു സിബിഐ കേസുകളും ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സും കോണ്‍ക്ലേവും നടക്കുന്നത്.

റിപ്പോര്‍ട്ട്: ജെയിംസ് കൂടല്‍