വനിതാ പോലീസ് ഓഫീസർക്കെതിരായ സാക്ഷി കൊല്ലപ്പെട്ടത് മയക്കുമരുന്നു കച്ചവടത്തിനിടയിൽ
Wednesday, October 9, 2019 9:41 PM IST
ഡാളസ്: ജോൺ ബോത്തം കൊലക്കേസിൽ പത്തു വർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ച മുൻ വനിതാ പോലീസ് ഓഫീസർ ആംബർ ഗൈഗറിനെതിരെ കോടതിയിൽ മുഖ്യസാക്ഷിയായിരുന്ന ജോഷ്വവ ബ്രൗൺ കൊല്ലപ്പെട്ടത് ഈ കേസുമായി ബന്ധപ്പെട്ടല്ലെന്നും അപ്പാർട്ട്മെന്‍റ് പാർക്കിംഗ് ലോട്ടിൽ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയിൽ ഉണ്ടായ അടിപിടിയെ തുടർന്നാണെന്നു ഡാളസ് മേയർ എറിക് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.

ജോഷ്വാ ബ്രൗണിന്റെ കൊലപാതകത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. കേസുമായി ബന്ധപ്പെട്ടു ഒക്ടോബർ 8 നു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.

ജോഷ്വാ ബ്രൗൺ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റ് പാർക്കിംഗ് ലോട്ടിൽ ജോഷ്വായിൽ നിന്നും മയക്കു മരുന്നു വാങ്ങുന്നതിന് അലക്സാഡ്രിയായിൽ നിന്നും ഡ്രൈവ് ചെയ്തു മൂന്നു യുവാക്കൾ എത്തിച്ചേർന്നിരുന്നു. മിച്ചൽ (20) മൈക്കിൾ (32) തിഡേഷ്യസ്(32) എന്നിവരാണിവർ.ഇവരുമായി വാർക്കുതർക്കവും അടിപിടിയും നടക്കുന്നതിനിടയിൽ മിച്ചലിനെ ജോഷ്വാ റിവോൾവർ കൊണ്ട് വെടിവച്ചു. ഇതിനെ തുടർന്നു തിഡേഷ്യസ് ജോഷ്വാവായെ രണ്ടു തവണ വെടിവച്ചതായി പോലീസ് പിടിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മിച്ചൽ പറഞ്ഞു. മറ്റു രണ്ടു യുവാക്കളേയും പിടികൂടിയിട്ടില്ല. ഇവർ ആയുധധാരികളും അപകടകാരികളുമാണെന്ന് പോലീസ് പറഞ്ഞു.ജോഷ്വായെ വെടിവച്ചശേഷം മൂവരും കാറിൽ രക്ഷപ്പെട്ടു പോകുന്ന വഴിയിൽ വെടിയേറ്റ മിച്ചലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മറ്റു രണ്ടു പേരും രക്ഷപ്പെടുകയായിരുന്നു.തുടർന്ന് ജോഷ്വായുടെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയ പോലീസ് അവിടെ നിന്നും 140 ഗ്രാം മയക്കുമരുന്നും 4157 ഡോളറും പിടിച്ചെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ