ഹ്രസ്വ ചിത്രം "ദൈവമേ എന്നെ മാത്രം രക്ഷിക്കണേ!' ശ്രദ്ധ നേടുന്നു
Saturday, October 12, 2019 6:43 PM IST
ഡാളസ് : അമേരിക്കയിലെ ഡാളസ് സിറ്റിയിൽ സിനിമ പാഷനാക്കിയ ഒരു കൂട്ടം കലാകാരന്മാർ ചേർന്നു നിർമിച്ച ഷോർട്ട് ഫിലിം "ദൈവമേ എന്നെ മാത്രം രക്ഷിക്കണേ!' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു.

എല്ലാം മറന്നു ജീവിതം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ ചിലപ്പോഴെല്ലാം നന്മ ചെയ്യുവാനും നന്മ അനുഭവിപ്പിക്കുവാനും അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കാറുണ്ട്.അത്തരം ഒരു ചെറിയ അനുഭവത്തെ ആസ്പദമാക്കിയാണ് ഈ ഫീൽ ഗുഡ് ഷോർട് ഫിലിം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്‍റെ നിർമാതാവ് മല്ലു മൂവി മാഫിയ ആണ്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രഞ്ജിത് രവിയാണ്. ബോബി റെറ്റിന ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ആദർശും ഇ മ്യൂസിക് നിതിൻ ജോർജും നിർവഹിച്ചിരിക്കുന്നു.


രഞ്ജിത് രവി , റോബിൻ കൂടത്തുമുറിയിൽ , ഹരിദാസ് തങ്കപ്പൻ , ബോബി റെറ്റിന , നിതിൻ ടി. വർഗീസ് , രാജൻ ചിറ്റാർ എന്നിവരാണ് അഭിനേതാക്കൾ.

രഞ്ജിത് രവി മലയാള സിനിമയിൽ നേരത്തെ അസിസ്റ്റന്‍റ് ഡയറക്ടറായിട്ടുണ്ട്. റോബിൻ കൂടത്തുമുറിയിൽ ഫേസ്ബുക് കൂട്ടായ്മയായ ഡബ് മാഷ് മലയാളം ആക്ടേഴ്‌സ് , കലാമധുരം എന്നിവയുടെ ക്രിയേറ്ററും ആണ്. മറ്റു അഭിനേതാക്കൾ കലാ,നാടക സാമൂഹ്യ രംഗങ്ങളിലൂടെ ഡാളസിൽ സുപരിചതരാണ്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ