ന്യൂയോര്‍ക്കില്‍ ഗാന്ധിജയന്തി ആഘോഷിച്ചു; ശാന്തി ഫണ്ട് അഞ്ചു പേരെ ആദരിച്ചു
Sunday, October 13, 2019 3:03 PM IST
ന്യുയോര്‍ക്ക്: ശാന്തി ഫണ്ടിന്റെ നേതൃത്വത്തില്‍ ന്യുയോര്‍ക്കില്‍ ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ രണ്ടിന് സഫോക് കൗണ്ടി എക്‌സിക്യൂട്ടീവ് ബില്‍ഡിംഗിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്‍വൈഎസ് അസംബ്ലി അംഗം ആന്‍ഡ്രൂ റയ, ഹണ്ടിംഗ്ടണ്‍ ടൗണ്‍ സൂപ്പര്‍വൈസര്‍ ചാഡ് ലുപിനാച്ചി, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സന്ദീപ് ചക്രവര്‍ത്തി എന്നിവരുള്‍പ്പെടെ 150ല്‍ അധികം വിശിഷ്ടാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ന്യുയോര്‍ക്ക് ഇന്ത്യന്‍അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ നിരവധി ഉന്നതരും ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി.

ചടങ്ങില്‍ ഇന്ത്യന്‍, കൊറിയന്‍ ഗായകര്‍ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനുകള്‍ ആലപിച്ചു. തത്സമയ ഓര്‍ക്കസ്ട്രയോടൊപ്പം ഒരു കൂട്ടം കൊറിയന്‍ യുവാക്കളും കോറസില്‍ പങ്കെടുത്തു.

ഫീനിക്‌സിലെ ഡോ. കിരിത് ഗോസാലിയ, കോല്‍ക്കത്തയില്‍നിന്നുള്ള രാജേഷ് ജെയിന്‍, ഫ്രീപോര്‍ട്ട് പബ്ലിക് സ്‌കൂള്‍ സൂപ്രണ്ടന്റ് ഡോ. കിഷോര്‍ കുഞ്ജം, സന്ദീപ് ചക്രവര്‍ത്തി, ദി സൗത്ത് ഏഷ്യന്‍ ടൈംസ് പ്രസാധകന്‍ കമലേഷ് സി. മേത്ത എന്നിവര്‍ മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശവും സംബന്ധിച്ചു പ്രഭാഷണം നടത്തി. ഗാന്ധിയന്‍ തത്ത്വചിന്തയും ധാര്‍മികതയും നിലനിര്‍ത്തി സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇവരെ മഹാത്മാഗാന്ധി പീസ് ആന്‍ഡ് നോണ്‍ വയലന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു.

ദി സൗത്ത് ഏഷ്യന്‍ ടൈംസിന്റെ പ്രസാധകനായ കമലേഷ് മേത്തയെ അദ്ദേഹത്തിന്റെ വിവിധ പ്രസിദ്ധീകരണങ്ങള്‍ പുലര്‍ത്തുന്ന ഉന്നത നൈതികത പരിഗണിച്ചാണു ശാന്തി ഫണ്ട് പുരസ്‌കാരം നല്‍കിയത്. റാണ (രാജസ്ഥാന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെയും മറ്റ് നിരവധി കമ്മ്യൂണിറ്റി സംഘടനകളുടെയും സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. 201516 കാലയളവില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായിരുന്നു. അഞ്ചു വര്‍ഷം നസാവു കൗണ്ടി ഓഫീസ് ഓഫ് ബിസിനസ് ആന്റ് ഇക്കണോമിക് ഡവലപ്‌മെന്റിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

മഹാത്മാഗാന്ധിയുടെ സമാധാനവും അഹിംസയും സംബന്ധിച്ച ആശയങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശാന്തി ഫണ്ട്. 25 വര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കില്‍ സംഘടന പ്രവര്‍ത്തിച്ചു വരുന്നു.

ലോംഗ് ഐലന്‍ഡിലെ സുനി ഓള്‍ഡ് വെസ്റ്റ്ബറിയുടെ വിശാലമായ കാമ്പസില്‍ 50 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി പ്രവര്‍ത്തിക്കുന്ന അതുല്യ ഗാന്ധി പീസ് ഗാര്‍ഡന്‍ ശാന്തി ഫണ്ട് സ്ഥാപിച്ചതാണ്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 50 യുഎസ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന 150 മരങ്ങള്‍ ഇവിടെ നട്ടു. സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുഎന്നില്‍ നിന്ന് ഗാന്ധി പീസ് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്തത്. യുഎന്‍ ജനറല്‍ സെക്രട്ടറി, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ പ്രധാനമന്ത്രിമാര്‍, മറ്റ് സംസ്ഥാന മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഫണ്ട് സ്ഥാപകന്‍ സുരീന്ദര്‍ രമേത്ര, ഡോ. രജനി കാന്ത് ഷാ, പ്രമുഖ ജ്വല്ലറി വ്യവസായി ഹരിദാസ് കോട്ടവാല, ജാക്ക് പൂള, പ്രമുഖ അറ്റോര്‍ണി ജസ്പ്രീത് മായല്‍, സ്വാമി പരം ആനന്ദ്, റോട്ടേറിയന്‍മാരായ ഡേവ് വ്യാസ് ശര്‍മ, സലീല്‍ സവേരി, മുകേഷ് മോദി, ഗൗതം സംഘ്വി, രൂപം മണി, ശശി മാലിക് എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്ഥാപകന്‍ അരവിന്ദ് വോറയും ശാന്തി ഫണ്ട് പ്രസിഡന്റ് ബകുല്‍ മാറ്റാലിയയുമായിരുന്നു പരിപാടികളുടെ സംഘാടനം.
സുജിത്ത് എസ്. കൊന്നയ്ക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം