പരി. പാത്രിയർക്കീസ് ബാവാക്ക് ഗംഭീര വരവേൽപ്
Thursday, October 17, 2019 10:11 PM IST
ഹൂസ്റ്റണ്‍: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാൻ മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ തിരുമനസ് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ ഉൾപ്പെട്ട ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ശ്ലൈഹീക സന്ദർശനം നടത്തുന്നു.

2019 നവംബർ 2നു വൈകിട്ടു മൂന്നിന് ഹൂസ്റ്റണ്‍ ബുഷ് ഇന്‍റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരുന്ന പരി. ബാവായെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായ റവ. ഫാ. പോൾ തോട്ടക്കാട്ട് ഹാരാർപ്പണം നടത്തും.

പരി. പിതാവിനോടുള്ള ബഹുമാനാർത്ഥം വൈകുന്നേരം അഞ്ചിന് സഫാരി ടെക്സസ് റാഞ്ചിൽ നടത്തുന്ന ബാങ്ക്വറ്റ് ഡിന്നറിലും അതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലും ഭദ്രാസന മെത്രാപോലീത്താ, യൽദൊ മോർ തീത്തോസ് വിവിധ സഭാ മേലധ്യക്ഷ·ാർ, വൈദീക ശ്രേഷ്ഠർ, ഗവണ്‍മെന്‍റ് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവർക്ക് പുറമേ, നൂറുകണക്കിന് വിശ്വാസികളും പങ്കുചേരും. പരിശുദ്ധ ബാവായെ ചെണ്ടവാദ്യ മേളങ്ങളുടെ അകന്പടിയോടെ, കത്തിച്ച മെഴുകുതിരികളുമേന്തി വിശ്വാസികൾ വരവേൽക്കും.

പരി. പിതാവിന് സമുചിതമായ വരവേൽപ് നൽകുന്നതിനും പിതാവിൽ നിന്നുമുള്ള ശ്ലൈഹിക വാഴ്വുകൾ ഏറ്റുവാങ്ങുന്നതിനുമുള്ള ആ ധന്യ മുഹൂർത്തത്തിനായി വിശ്വാസികൾ ഉത്സാഹപൂർവ്വം കാത്തിരിക്കുകയാണ്. നവംബർ 3 ഞായർ പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വി. ബലിയർപ്പണവും നടക്കും.

പരി. ബാവായുടെ ശ്ലൈഹിക സന്ദർശനം ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ദേവാലയത്തിന്‍റെ ചരിത്രത്തിന്‍റെ ഏഡുകളിൽ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു മഹാചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിലേക്കായി വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട്, മാത്യു ജേക്കബ് (വൈസ് പ്രസിഡന്‍റ്), ഷെൽബി വർഗീസ്(സെക്രട്ടറി) ജിനൊ ജേക്കബ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി മാനേജിങ്ങ് കമ്മറ്റിയോടൊപ്പം പള്ളി പൊതുയോഗത്താൽ തിരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മറ്റികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്