ഷിക്കാഗോ പബ്ലിക് സ്കൂളുകൾ രണ്ടാം ദിവസവും പ്രവർത്തിച്ചില്ല ; അധ്യാപക സമരം തുടരുന്നു
Saturday, October 19, 2019 5:33 PM IST
ഷിക്കാഗോ: പബ്ലിക് സ്കൂൾ അധ്യാപകർ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഷിക്കാഗോ മേയർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഒക്ടോബർ 17 നും 18 നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നുവെങ്കിലും സ്കൂളുകളിൽ എത്തിയ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിൽ അധികൃതർ സൗകര്യമേർപ്പെടുത്തിയിരുന്നു.

ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുക, ശമ്പള വർധന നടപ്പാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഷിക്കാഗോ ടീച്ചേഴ്സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 22,600 അധ്യാപകരും 8,000 സപ്പോർട്ട് സ്റ്റാഫും (കസ്റ്റോഡിയൻസ്) ഉൾപ്പെടെയുള്ളവരാണ് സമര രംഗത്ത്.

ഡൗൺ ടൗണിലുള്ള സിപിഎസ് ആസ്ഥാനത്തേക്ക് പണി മുടക്കിയ അധ്യാപകർ മാർച്ച് നടത്തി.അവസാന നിമിഷം വരെ സമരം ഒഴിവാക്കുന്നതിനുള്ള ഒത്തു തീർപ്പു സംഭാഷണങ്ങൾ നടന്നുവെങ്കിലും വിദ്യാഭ്യാസ ജില്ലാ അധികൃതർ വഴങ്ങാത്തതാണ് സമരത്തിന് നിർബന്ധിതമായതെന്ന് യൂണിയൻ നേതാക്കൾ പരാതിപ്പെട്ടു. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി അധ്യാപക സമരം തുടരുന്നതിൽ രക്ഷാകർത്താക്കളും ഉത്കണ്ഠാകുലരാണ്. എത്രയും വേഗം ഇരു വിഭാഗവും ചർച്ചകൾ നടത്തി സമരം ഒത്തുതീർപ്പാക്കണമെന്ന് ഇവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ