രണ്ടു വർഷം മുൻപു കാണാതായ കുട്ടികളെ കണ്ടെത്തി; അമ്മ അറസ്റ്റിൽ
Monday, October 21, 2019 8:53 PM IST
ആർലിംഗ്ടൺ (ടെക്സസ്): മിസോറിയിൽ നിന്നും 2017 ൽ അപ്രത്യക്ഷമായ മൂന്നു കുട്ടികളെ ടെക്സസിലെ ആർലിംഗ്ടണിൽ നിന്നും ഒക്ടോബർ 17 ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതോടനുബന്ധിച്ചു കുട്ടികളുടെ മാതാവ് ഷോൺ റോഡ്രിഗസിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.മൂന്നു കുട്ടികളും പിതാവിന്‍റെ കസ്റ്റഡിയിൽ കഴിയുന്നതിനു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നു കുട്ടികളേയും രണ്ടു വർഷം മുൻപു മാതാവ് സററലൻ കൗണ്ടിയിലേക്ക് കൊണ്ടുപോയിരുന്നു. കുട്ടികളെ തട്ടികൊണ്ടുപോയ കേസിൽ ഓഗസ്റ്റിൽ ഇവരെ അറസ്റ്റ് ചെയ്യുന്നതിനും കോടതി ഉത്തരവിട്ടിരുന്നു.

സററലൻ കൗണ്ടി ഷെറിഫ് ഓഫിസ് കുട്ടികളെ കണ്ടെത്തുന്നതിനു നാഷണൽ സെന്‍റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രന്റെ സഹായം അഭ്യർഥിച്ചിരുന്നു.മൂന്നു കുട്ടികളേയും കൊണ്ടു മാതാവ് ഡാളസ് ഫോർട്ട്‌വർത്തിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മാതാവിനെ അറസ്റ്റു ചെയ്തത്. കുട്ടികളെ തട്ടികൊണ്ടു പോകുമ്പോൾ മൂന്നുപേർക്കും എട്ടു വയസിനു താഴെയായിരുന്നു പ്രായം. മൂന്നു കുട്ടികളേയും ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫാമിലി ആന്റ് പ്രൊട്ടക്റ്റീവ് സർവീസ് കസ്റ്റഡിയിലെടുത്തു.


റിപ്പോർട്ട്: പി.പി. ചെറിയാൻ