വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് തുടക്കം
Monday, November 18, 2019 12:40 PM IST
ന്യൂയോര്‍ക്ക് : അറുപതു നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്നു തുടക്കമാകും .

മണ്ഡല മകരവിളക്ക് കാലമായ അറുപതു ദിവസവും ഈ പുജാദി വിധികള്‍ ഉണ്ടായിരിക്കുന്നതാണ്, ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. ശബരിമല ക്ഷേത്രത്തില്‍ നടത്തുന്ന എല്ലാ പൂജാവിധികളും അതെ പരിപാവനത്തോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലും നടത്തുന്നതാണ്. മണ്ഡലപൂജയുടെ പരിസമാപ്തി (41 ദിവസത്തെ ആഘോഷം) ഡിസംബര്‍ 27 നും, മകരവിളക്ക് മഹോത്സവം ജനുവരി 11 നും, മകര സംക്രാന്തി ആഘോഷം ജനുവരി 14 നും ആണ്.

സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും മണ്ഡല മകരവിളക്ക് കാലത്തെ സങ്കല്പ്പം . എല്ലാ ദിവസത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ഭക്തജനങ്ങളുടെ തിരക്കുതന്നെയാണ് എന്നത് അചഞ്ചലമായ ഭക്തി നിര്‍വൃതിയുടെ ഉദാഹരണമാണെന്ന് ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള അഭിപ്രായപ്പെട്ടു.

എല്ലാ ദിവസവും പൂജകള്‍ക്ക് ശേഷം അന്നദാനവും നടത്തുന്നതാണ്. അന്നദാനാവും പൂജകളും സ്‌പോണ്‍സര്‍ ചെയ്യേണ്ടവര്‍ ക്ഷേത്രവുമായി ബദ്ധപ്പെടുക. പതിവുപോലെ ഈ വര്‍ഷവും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഫെബ്രുവരി മാസത്തില്‍ ശബരിമല തീര്‍ത്ഥാടനം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ളയുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍