ഇന്ത്യൻ വംശജൻ പീറ്റർ മാത്യൂസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു
Thursday, December 5, 2019 9:33 PM IST
കലിഫോർണിയ: ഇന്ത്യൻ വംശജനും ടെലിവിഷൻ പൊളിറ്റിക്കൽ അനലിസ്റ്റുമായ പീറ്റർ തോമസ് കലിഫോർണിയ 47 ഡിസ്ട്രിക്റ്റിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്നു.

2020 ഫെബ്രുവരി 22 മുതൽ മാർച്ച് 3 വരെ നടക്കുന്ന കലിഫോർണിയ പ്രൈമറിയിലാണ് പീറ്റർ മൽസരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കൻ – ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് പീറ്റർ പറഞ്ഞു. പാർട്ടിക്കതീതമായി മത്സരിക്കുന്നതിനാണ് പീറ്ററുടെ തീരുമാനം. പ്രൈമറിയിൽ ഏറ്റവും കൂടുതൽ വോട്ടുനേടുന്ന രണ്ടു പേർ നവംബർ 3നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും.

സൈപ്രസ് കോളജ് പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്‍റർനാഷനൽ റിലേഷൻസ് പ്രഫസറും സിഎൻഎൻ പൊളിറ്റിക്കൽ അനലിസ്റ്റുമായ പീറ്റർ, ഡോളർ ഡമോക്രസി ഓൺ സ്റ്റിറോയ്ഡ്സ് എന്ന പുസ്തകം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.


പത്തു വയസുവരെ ഇന്ത്യയിലായിരുന്ന പീറ്റർ, 1961–ൽ പഠനത്തിനായെത്തിയ പിതാവിനൊപ്പമാണ് അമേരിക്കയിലെത്തിയത്. അമ്മ അധ്യാപികയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ