സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അമ്മയുടെ കാമുകൻ ജീവനൊടുക്കി
Thursday, December 5, 2019 9:45 PM IST
വാട്ടർടൗൺ, കണക്ടികട്ട്: കൗമാരപ്രായക്കാരായ സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയതിനുശേഷം അമ്മയുടെ കാമുകൻ സ്വയം ജീവനൊടുക്കി. ഡെല്ല ജെറ്റ (15) , സ്റ്റെർലിംഗ് ജെറ്റ (16) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കാമുകനായ പോൾ സ്വയം വെടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഡിസംബർ മൂന്നിന് രാത്രിയായിരുന്നു വാട്ടർ ടൗണിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. പോൾ ഫെർഗുസൻ വീട്ടിനകത്തു സിഗററ്റ് വലിക്കുന്നതിനെതിരെ ഡെല്ല അമ്മയോടു പരാതി പറഞ്ഞതാണ് പോളിനെ പ്രകോപിപ്പിച്ചത്. രണ്ടാഴ്ച മുൻപാണ് പോൾ വാട്ടർടൗണിലുള്ള ഇവരുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ഡെല്ലയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കുട്ടികളുടെ അമ്മയാണ് സംഭവം പോലീസിനെ അറിയിച്ചത്. ആദ്യം വെടിയേറ്റതു ഡെല്ലക്കായിരുന്നു. തുടർന്നാണു സഹോദരൻ സ്റ്റെർലിംഗിനെ പോൾ വെടിവച്ചത്. പോലീസ് എത്തിയപ്പോൾ പോൾ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് സ്വയം വെടിയുതിർക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഡെല്ലയും സ്റ്റെർലിങും ഹൈസ്കൂൾ വിദ്യാർഥികളാണ്. കുട്ടികളുടെ അച്ഛൻ 2016–ൽ ജീവനൊടുക്കിയിരുന്നു.. പോൾ പല കേസുകളിലും പ്രതിയാണ്. ഇയാൾക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതിയുണ്ടായിരുന്നില്ല എന്നാണറിയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ